രക്ഷാ പ്രവര്‍ത്തനത്തിന് ഓടിയെത്തിയ ദഅവ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം


കോടഞ്ചേരി: വൈക്കോല്‍ ലോറിക്ക് തീ പിടിച്ചപ്പോള്‍ അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച കോടഞ്ചേരി ദഅവ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധി എം പിയുടെ അഭിനന്ദനം. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ കോളേജില്‍ എത്തിയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം അറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ പാലക്കാട്ടേക്ക് വൈക്കോല്‍ കൊണ്ടുപോവുകയായിരുന്ന ലോറി കോടഞ്ചേരി ടൗണിന് സമീപത്തെ സുന്നി ജുമുഅ മസ്ജിദിന് മുന്‍വശത്തെത്തിയപ്പോഴാണ് തീ പിടിച്ചത്.

ഇത് കണ്ട ദഅവ കോളേജ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനായ ഷംസുദ്ദീന്‍ സഖാഫിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ നിന്ന് പൈപ്പ് വലിച്ച് വെള്ളം പമ്പ് ചെയ്തു. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ബക്കറ്റുകളില്‍ വെള്ളം എത്തിച്ചു കൊടുത്തു. തീ പിടുത്തം ആരംഭിച്ചപ്പോള്‍ തന്നെ വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞതിനാല്‍ ലോറിയിലേക്ക് തീ പിടിക്കുന്നത് തടയാനായി. തീ അണക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം കോടഞ്ചേരിയിലെ വ്യാപാരിയും ഡ്രൈവറുമായി ഷാജി വര്‍ഗീസ് സാഹസികമായി ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് എത്തിച്ചു.

ലോറി ഗ്രൗണ്ടിലൂടെ വട്ടം കറക്കിയതിനാല്‍ തീ പിടിച്ച വൈക്കോല്‍ കൂനകളില്‍ ഏറെയും നിലത്തു വീണു. ലോറി ഗ്രൗണ്ടിലേക്ക് മാറ്റിയപ്പോഴും ദഅവ കോളേജ് വിദ്യാര്‍ത്ഥികള്‍ ബക്കറ്റുകളില്‍ വെള്ളവുമായി ഓടിയെത്തി. പള്ളി കമ്മിറ്റി ഭാരവാഹികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാല്‍പ്പതോളം ആളുകളാണ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്. നാട്ടുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ വന്‍ ദുരന്തം ഒഴിവാക്കാനായി. അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ദഅവ കോളേജ് വിദ്യാര്‍ത്ഥികളെ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അഭിനന്ദിച്ചത്. സണ്ണി കാപ്പാട്ടുമല, കെ എം പൗലോസ് തുടങ്ങിയവരും ഡി സി സി പ്രസിഡന്റിനൊപ്പം കോളേജില്‍ എത്തിയിരുന്നു.

