റാംപില്‍ ചുവട് വയ്ക്കുന്നതിനിടെ കാഴ്ചക്കാരിയെ കോട്ട് കൊണ്ട് അടിച്ച് മോഡല്‍

അധികമാരും പരീക്ഷിക്കാത്ത വസ്ത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന വേദികൂടിയാണ് ഫാഷന്‍ ഷോ റാംപുകള്‍. മോഡലുകള്‍ റാംപില്‍ ചുവട് വയ്ക്കുമ്പോള്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. റാംപില്‍ ചുവട് വയ്ക്കുന്നതിനിടെ വസ്ത്രത്തിന്റെ ഭാഗമായ കോട്ട് കൊണ്ട് കാഴ്ചക്കാരിലൊരാളെ മോഡല്‍ അടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രിട്ടീഷ് ഡിസൈനറായ ക്രിസ്റ്റിയന്‍ കോവാന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram
കൈയില്‍ തൂക്കിയിട്ടിരിക്കുന്ന കോട്ട് ചുഴറ്റി റാംപില്‍ ക്യാറ്റ്വാക്ക് ചെയ്യുന്ന മോഡലിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. ഏതാനും ചുവടുകള്‍ മുന്നോട്ട് വെച്ചശേഷം തിരിഞ്ഞ് റാംപിന് ഒരു വശത്തിരുന്ന കാഴ്ചക്കാരിലൊളുടെ മുഖത്ത് കോട്ട് കൊണ്ട് അടിച്ചശേഷം അവര്‍ റാംപിലൂടെ നടന്ന് പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഇതുവരെ 20 ലക്ഷത്തില്‍ പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഡിസംബര്‍ അവസാനം ന്യൂയോര്‍ക്കില്‍വെച്ച് നടന്ന ഫാഷന്‍ ഷോയിലാണ് ഈ സംഭവം നടന്നത്.

