പുരപ്പുറ സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു

കോഴിക്കോട്: കെ എസ് ഇ ബി സൗര സബ്‌സിഡി പദ്ധതിയിലെ പുരപ്പുറ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനത്തിന്റെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ സ്വിച്ച് ഓണ്‍ കര്‍മ്മം പോത്തഞ്ചേരി താഴത്ത് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.

ആഗോള താപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൊന്നാണ് സൗര പദ്ധതി. കേരളത്തിലെ സൗരോര്‍ജ്ജ ഉത്പാദനം 1000 മെഗാവാട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയില്‍ 500 മെഗാവാട്ട് പുരപ്പുറ സോളാര്‍ പ്ലാന്റ് വഴിയാണ് സംഭരിക്കുന്നത്.

മാങ്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പോത്തഞ്ചേരി താഴം സുധാകരന്റെ വീട്ടിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ കെ ഈസ അഹമ്മദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.
