Naattuvaartha

News Portal Breaking News kerala, kozhikkode,

ആ കടം വീട്ടണം, എന്നാലേ ഉപ്പയ്ക്ക് പരലോകത്ത് സൈ്വര്യമുണ്ടാവൂ; പത്രപ്പരസ്യം നല്‍കി മക്കള്‍

തിരുവനന്തപുരം: നാല്‍പത് വര്‍ഷംമുന്‍പ് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് നട്ടംതിരിയുമ്പോള്‍ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാന്‍ പത്രപ്പരസ്യം നല്‍കി മക്കള്‍. പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പെരുമാതുറ, മാടന്‍വിള പുളിമൂട് ഹൗസില്‍ ഹബീബുള്ള നാട്ടുകാര്‍ക്കൊക്കെയും അബ്ദുല്ലയായിരുന്നു. അങ്ങനെ നാട്ടില്‍ ഗതിമുട്ടിയപ്പോള്‍ 1980-ലാണ് ജീവിത മാര്‍ഗം തേടി വിമാനം കയറി ഒരു ഫ്രീ വിസയില്‍ ദുബായില്‍ എത്തുന്നത്. ജോലി കിട്ടുന്നത് വരെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം.

ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല. കൈവശമുണ്ടായിരുന്ന പണവും തീര്‍ന്നു. അപ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന ചെറിയ തുക നല്‍കി സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്ദുള്ളയ്ക്ക് ഒരു ക്വാറിയില്‍ ജോലി ലഭിച്ചു. തൊഴില്‍ സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉള്‍പ്പെടെ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുള്ള മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചു. പരിചയക്കാര്‍ പലരോടും തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പത്രത്തില്‍ പരസ്യം നല്‍കി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല. വിഷമാവസ്ഥയില്‍ താങ്ങായ സ്‌നേഹിതനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23ന് മരിച്ചു. മരിക്കും മുമ്പ്, ‘എങ്ങനെയും ലൂസിസിനെ കണ്ടെത്തി ആ കടം വീട്ടണം’ എന്ന് മക്കളുടെ കൈ പിടിച്ചു പറഞ്ഞിട്ടാണ് അബ്ദുള്ള മരിക്കുന്നത്.

ഇപ്പോഴത്തെ മൂല്യമനുസരിച്ച് 22,000 രൂപയേ നല്‍കാനുളളൂവെങ്കിലും ബാപ്പയുടെ ആഗ്രഹത്തിന് അതിലും എത്രയോ മടങ്ങ് മൂല്യമുണ്ടെന്ന് അബ്ദുള്ളയുടെ കുടുംബത്തിന് അറിയാം. നാസര്‍ ഉള്‍പ്പെടെ 7 മക്കളാണുള്ളത്. ലൂയിസിനെയോ സഹോദരന്‍ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് നാസര്‍. ഫോണ്‍ 7736662120.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!