മധു കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അട്ടപ്പാടി: മധുവിന്റെ കൊലപാതക കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. നടന്‍ മമ്മൂട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത് ഒപ്പം സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.

ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി രംഗത്തെത്തിയത്. കുടുംബത്തിന് നിയമപരമായ വശങ്ങള്‍ പരിശോധിക്കാന്‍ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബേര്‍ട്ട് മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സംസ്ഥാന നിയമ മന്ത്രി പി രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ ഈ കേസില്‍ ഏര്‍പ്പാടാക്കും എന്ന് അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് നല്‍കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് നല്‍കി. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭര്‍ത്താവ് മുരുകനെ അറിയിച്ചപ്പോള്‍, സര്‍ക്കാര്‍ വക്കീലിന്റെ സേവനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവര്‍ അറിയിക്കുകയായിരുന്നുവെന്ന് റോബേര്‍ട്ട് പറയുന്നു.

