Naattuvaartha

News Portal Breaking News kerala, kozhikkode,

അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളി ഓസ്‌ട്രേലിയ

അണ്ടര്‍ 19 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും. എതിര്‍ ഭാഗത്ത് ഓസ്‌ട്രേലിയ ആണ് ഇറങ്ങുന്നത്. ലോകകപ്പിനു മുന്‍പ് നടന്ന സന്നാഹ മത്സരത്തില്‍ ഓസീസിനെ തോല്പിച്ചെങ്കിലും ടൂര്‍ണമെന്റില്‍ ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുന്ന ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഇന്നത്തെ കളിയില്‍ വിജയിക്കുന്ന ടീം ഈ മാസം അഞ്ചിന് ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. കൊവിഡ് ബാധിച്ച് പുറത്തായിരുന്ന എല്ലാ താരങ്ങളും നെഗറ്റീവായി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ യാഷ് ധുലും സംഘവും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ കൊവിഡ് ബാധിച്ച നിഷാന്ത് സിന്ധുവും ഇന്ന് ടീമിലുണ്ടാവും. നിഷാന്ത് സിന്ധു ഇന്നലെ കൊവിഡ് മുക്തനായി. ധുല്ലിന്റെ അഭാവത്തില്‍ രണ്ട് മത്സരങ്ങളില്‍ ടീമിനെ നയിച്ച സിന്ധു മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും തിരികെ എത്തിയതിനാല്‍ ഇന്ത്യയ്ക്ക് ഒരു ഫുള്‍ സ്‌ട്രെങ്ത് സ്‌ക്വാഡിനെ കളത്തിലിറക്കാനാവും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ അവസാന നാലില്‍ എത്തിയത്. ബംഗ്ലാദേശിനെ 110 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 30.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്വാളും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ അങ്ക്ക്രിഷ് രഘുവന്‍ശി (44), ക്യാപ്റ്റന്‍ യാഷ് ധുല്‍ (20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മറ്റൊരു ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാകിസ്താനെ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. ടീഗ് വില്ലി (71), കോറി മില്ലര്‍ (64), കാംപ്ബെല്‍ കെല്ലവേ (47) എന്നിവര്‍ ഓസീസിനായി മികച്ച പ്രകടനം നടത്തി. പാക് ക്യാപ്റ്റന്‍ ഖാസിം അക്രം മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വെറും 157 റണ്‍സെടുക്കുന്നതിനെ പാകിസ്താന്‍ ഓള്‍ഔട്ടായി. 9ആം നമ്പറിലിറങ്ങിയ മെഹ്‌റാന്‍ മുംതാസ് (29) ആണ് പാക് ടോപ്പ് സ്‌കോറര്‍. വില്ല്യം സാല്‍സ്മാന്‍ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!