കല്ലമ്പലത്ത് സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: കല്ലമ്പലത്ത് സര്‍ക്കാര്‍ ജീവനക്കാരനായ അജി കുമാറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ശരീരത്തില്‍ പന്ത്രണ്ടോളം മുറിവുകളും സിറ്റ് ഔട്ടില്‍ രക്തം തളംകെട്ടി കിടന്നതുമാണ് ദുരൂഹതയ്ക്ക് കാരണമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അജി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രം ഇടാന്‍ വീട്ടിലെത്തിയയാളാണ് സിറ്റ് ഔട്ടില്‍ അജികുമാറിന്റെ മൃതദേഹം ആദ്യം കണ്ടത്.

പി ഡബ്ല്യൂ ഡി ക്ലര്‍ക്കായി ആലപ്പുഴയിലായിരുന്നു അജികുമാറിന് ജോലി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തിയ അജി സുഹൃത്തുക്കളുമായി വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഈ സംഭവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അജിയുടെ സുഹൃത്ത് സജീഷിന്റെ മരണത്തിലും ദുരൂഹത ഉയരുന്നുണ്ട്. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മരിച്ചവര്‍ അജികുമാറിന്റെ സുഹൃത്തുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തു പൊലിസ് ചോദ്യം ചെയ്തു.

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജീവ് കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സജീഷ് മരണപ്പെട്ടു. പ്രമോദിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വാഹനവുമായി സജീവ് കല്ലമ്പലം സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ച അജികുമാറിന്റെ സുഹൃത്ത് കൂടിയായിരുന്നു സജീവ്. അജി മരിക്കുന്നതിന് മുമ്പ് സജീവിനെ കണ്ടിരുന്നോ, ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
