സമ്പൂര്‍ണ്ണ ഉറവിട മാലിന്യസംസ്‌കരണം; കൊയിലാണ്ടിയില്‍ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു


കൊയിലാണ്ടി: ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകയാവുന്നു. സമ്പൂര്‍ണ്ണ ഉറവിട മാലിന്യസംസ്‌കരണ നഗരസഭ പദവിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 2,000 കുടുംബങ്ങള്‍ക്ക് നഗരസഭ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു തുടങ്ങി. ഇതിനായി 48 ലക്ഷം രൂപ പദ്ധതി വിഹിതം അനുവദിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലായി 12,000 വീടുകള്‍ക്ക് അടുക്കള മാലിന്യം സംസ്‌ക്കരിക്കാനുള്ള ഉപാധികള്‍ നല്‍കിക്കഴിഞ്ഞു.

വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി സുധ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ കെ അജിത്ത് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വി പി ഇബ്രാഹിം കുട്ടി, കേളോത്ത് വത്സരാജ്, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ സി പ്രജില സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി രമേശ് നന്ദിയും പറഞ്ഞു.


