ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും നിപാ സ്ഥിരീകരിച്ചപ്പോഴും ഉദ്യോഗസ്ഥ- ജനപ്രതിനിധി തലത്തിലുണ്ടായ കൂട്ടായ്മ ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിലും ഉണ്ടായി എന്നത് സന്തോഷകരമാണ്. യോഗങ്ങളും പരിശോധനകളും കൃത്യമായി നടക്കുന്നുണ്ട്. ജില്ലയിലെ എം എല്‍ എമാര്‍ ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നനും അങ്ങനെയെങ്കില്‍ അതിനെ എങ്ങിനെ മറികടക്കാം എന്ന് ആലോചിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലബോറട്ടറികളില്‍ പരിശോധന സംവിധാനം പൊതുജനങ്ങള്‍ക്ക് നല്ല രീതിയില്‍ ലഭ്യമാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. രോഗികളുള്ള വീടുകളുമായി റാപിഡ് റെസ്പോണ്‍സ് ടീം കൃത്യമായി ആശയ വിനിമയം നടത്തുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ കുറവുള്‍പ്പെടെ യോഗത്തില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ അടിയന്തര തീരുമാനം ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ നേരത്തെ പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ ഏറെ ഫലപ്രദമായിരുന്നുവെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വലിയ തോതില്‍ വ്യാപനമുണ്ടായാല്‍പോലും നേരിടാനുള്ള സജ്ജീകരങ്ങള്‍ ജില്ലയിലെ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി 10,257 കിടക്കകള്‍ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ലഭ്യമാണ്. ഡയാലിസിസ് ആവശ്യമായ കോവിഡ് ബാധിതരായ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം താലൂക്ക് ആശുപത്രികളില്‍ ഒരുക്കും. പേരാമ്പ്രയില്‍ നിലവില്‍ സംവിധാനം ഉണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ അടക്കമുള്ള ചികിത്സ ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കും സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ പരിശോധനക്കും സൗകര്യമുണ്ട്. ഫെബ്രുവരി രണ്ടിലെ കണക്കു പ്രകാരം ജില്ലയയില്‍ 23 കോവിഡ് ക്ലസ്റ്ററുകള്‍ ആണുള്ളത്. നിലവിലെ രോഗികളില്‍ 95 ശതമാനവും വീടുകളില്‍ ആണെന്നും 26,562 പേര്‍ ഹോം ക്വാറന്റൈനില്‍ ആണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ ടി പി രാമകൃഷ്ണന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ എം സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ഇ കെ വിജയന്‍, കെ കെ രമ, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
