ലീഗിന് തിരിച്ചടിയായി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി

ലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി. വഖഫ് വിഷയത്തില്‍ പള്ളികളിലെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി തന്നെ അപ്രസക്തമാക്കുന്ന സമസ്തയുടെ തീരുമാനം. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കുമെന്നും സമസ്ത മുശാവറ യോഗം തീരുമാനിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗ് മുന്‍ കൈ എടുത്ത് രൂപീകരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന സ്ഥിരം സംവിധാനം വേണ്ടെന്നാണ് സമസ്തയുടെ തീരുമാനം.

അടിയന്തിര ഘട്ടങ്ങളില്‍ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. യോഗത്തില്‍ ആര് പങ്കെടുക്കണമെന്ന് സമസ്ത നേതൃത്വമാണ് തീരുമാനിക്കുന്നത്. എന്നാല്‍ തന്നെയും സമസ്ത, സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകില്ല. കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനത്തിന് സമസ്ത ഏകോപന സമിതി അംഗീകാരം നല്‍കിയതായി എസ് വൈ എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് പ്രാതിനിധ്യമുള്ളതും സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകേണ്ടെന്ന തീരുമാനത്തിന് പിന്നിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ താല്‍പ്പര്യത്തിന് ലീഗ് വഴങ്ങുന്നു എന്ന വിമര്‍ശനത്തിനിടെയാണ് സമസ്തയുടെ തീരുമാനം.

പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍വാങ്ങിയതായിരുന്നു ആദ്യ തിരിച്ചടി. വഖഫ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്കായാണ് മുസ്ലിം ലീഗ് നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി വേണ്ടെന്ന സമസ്ത തീരുമാനം വന്നതോടെ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത അംഗങ്ങള്‍ പൂര്‍ണ്ണമായി വിട്ടുനില്‍ക്കും. സമസ്ത പിന്‍വാങ്ങിയതോടെ ലീഗ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി തന്നെ അപ്രസക്തമായി. സമുദായവുമയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലീഗ് അല്ല കൈകാര്യം ചെയ്യേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ മാത്രം പങ്കെടുക്കുമെന്ന സമസ്തയുടെ തീരുമാനം.
