ഉടുമ്പന്‍ചോലയില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി(20), അജയ്(20), ദുലീപ്(22) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മൂന്ന് പേരെയും തൊഴില്‍സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും സമീപത്തെ പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പാടുപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആറ് പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഇരുവരും ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
