യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

കരുനാഗപ്പള്ളി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിനെയാണ് ഭാര്യ ആതിര(26) യുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആര്‍ ഡി ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോവിഡ് പരിശോധന ഫലം വൈകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ആതിര കുറച്ച് ദിവസം മുമ്പാണ് ഭര്‍തൃഗൃഹത്തില്‍ തിരികെയെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ആതിരയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
