കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ബി ജെ പിക്ക് വോട്ടുചെയ്യുന്നതിന് തുല്യമാണെന്ന് അരവിന്ദ് കെജരിവാള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിനെതിരെ വീണ്ടും എ എ പി നേതാവ് അരവിന്ദ് കെജരിവാള്‍. ഗോവയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ബി ജെ പിക്ക് വോട്ടുചെയ്യുന്നതിന് തുല്യമാണെന്ന് കെജരിവാള്‍ ആഞ്ഞടിച്ചു. ഗോവയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഭരണപക്ഷത്തിനൊപ്പം പോകുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ഗോവയില്‍ ബി ജെ പിയെ പുറത്താക്കാന്‍ ആംആദ്മി പാര്‍ട്ടിക്കാണ് ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. സംസ്ഥാനത്ത് ബി ജെ പിയും എ എ പിയും തമ്മിലാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് എന്ന് അരവിന്ദ് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. 17 എം എല്‍ എമാരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി 2017 ല്‍ മാറിയതാണ് കോണ്‍ഗ്രസ്. എന്നാലിപ്പോള്‍ വെറും രണ്ട് എം എല്‍ എമാര്‍ മാത്രമാണ് ഗോവയില്‍ പാര്‍ട്ടിക്കൊപ്പമുള്ളത്. ബാക്കിയുള്ളവരെല്ലാം ബി ജെ പി മന്ത്രിസഭ രൂപീകരിച്ച ശേഷം അവര്‍ക്കൊപ്പം മറുകണ്ടം ചാടി.

ഇത്തവണ വോട്ടുകിട്ടി തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്നും അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്നും എ എ പി നേതാക്കളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാം സത്യസന്ധരാണ്. എന്നാല്‍ അത് വോട്ടര്‍മാരെകൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാണ് സത്യപ്രതിജ്ഞ ചെയ്യിച്ചത്’. കെജരിവാള്‍ പറഞ്ഞു. ‘ആദ്യമായാണ് ഗോവയില്‍ 2017ല്‍ എ എ പി മത്സരിക്കുന്നത്. ഇത്തവണ സംഘടനാ പ്രവര്‍ത്തനങ്ങളടക്കം കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം നിന്ന് ഫണ്ട് ശേഖരണം നടത്തി ഗോവയില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ് എ എ പി പ്രചാരണം നടത്തുന്നത്. അതും ഈ കൊവിഡ് മഹാമാരിക്കിടെ. ഇത്രയും കാലം ബി ജെ പിയും കോണ്‍ഗ്രസും എവിടെയായിരുന്നെന്നും എ എ പി നേതാവ് ചോദിച്ചു. ഫെബ്രുവരി 14വാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

