Naattuvaartha

News Portal Breaking News kerala, kozhikkode,

ചന്ദ്രയാന്‍ 3 ഓഗസ്റ്റില്‍ വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍

ചന്ദ്രയാന്‍ 2 ന്റെ പരാജയം രണ്ട് വര്‍ഷം തികഞ്ഞപ്പോള്‍ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനൊരുങ്ങി. ഐ എസ് ആര്‍ ഒ ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരാണ് ചന്ദ്രയാന്‍ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 മൂലമാണ് നിലവിലുള്ള ഐ എസ് ആര്‍ ഒയുടെ ദൗത്യങ്ങള്‍ വൈകിയതെന്നും ശാസ്ത്രസാങ്കതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. നേരത്തെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായിതകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐ എസ് ആര്‍ ഒയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യത്തിന് ഐ എസ് ആര്‍ ഒ തയാറെടുത്തത്. ഗഗന്‍യാന്‍, ആദിത്യ ഉള്‍പ്പെടെ സങ്കീര്‍ണ ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ചന്ദ്രയാന്‍ 3 കൂടി ഐ എസ് ആര്‍ഒ ഏറ്റെടുത്തത്.

ചന്ദ്രയാന്‍ 2 പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന എം വനിതയ്ക്ക് പകരം വീരമുത്തുവേലുവിനാണ് പ്രൊജക്ട് ഡയറക്ടര്‍ ചുമതല. ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ ആയിരുന്ന റിതു കരിദ്വാല്‍ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്ത് തുടരും. ചന്ദ്രയാന്‍ 3 ദൗത്യത്തിനായി പുതിയ ലാന്‍ഡറും റോവറും നിര്‍മിക്കാനുള്ള ആദ്യഘട്ട ചെലവെന്ന നിലയില്‍ 75 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്നും നേരത്തെ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തില്‍ വെള്ളത്തിനോ ഹിമത്തിനോ സാധ്യതകള്‍ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ മൂന്നാം ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍ 2 ലെ ലാന്‍ഡറും റോവറും ഇടിച്ചിറങ്ങിയപ്പോള്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ചന്ദ്രയാന്‍ 3 ദൗത്യത്തിനായും ഇതേ ഓര്‍ബിറ്റര്‍ തന്നെ ഉപയോഗിക്കാനാണ് ഐ എസ് ആര്‍ ഒയുടെ പദ്ധതി. ഈ ഇവര്‍ഷം ഐ എസ് ആര്‍ ഒ 19 ഓളം വിക്ഷേപണങ്ങളാവും നടത്തുക. ചന്ദ്രയാന് മുന്‍പ് ഈ ഫെബ്രുവരിയില്‍ തന്നെ റിസാറ്റ് 1 എ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം നടത്തും. ഫെബ്രുവരി 14നായിരിക്കും വിക്ഷേപണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!