വിലങ്ങാട് പൊടിമണ്ണില്‍ ടാറിങ് ചെയ്ത് കരാറുകാരന്‍; അശാസ്ത്രീയ നിര്‍മാണം നാട്ടുകാര്‍ പൊളിച്ചുനീക്കി


വിലങ്ങാട്: കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരിയില്‍ അശാസ്ത്രീയമായി പൊടിമണ്ണില്‍ ടാറിട്ട് കരാറുകാരന്‍. സാധാരണ നിലയില്‍ ടാറിങ്ങിന് മുന്‍പ് ചെയ്യുന്നപോലെ മെറ്റല്‍ ഉപയോഗിച്ച് റോഡ് ബലപ്പെടുത്താതെ പൊടി മണ്ണില്‍ നേരിട്ട് ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ഇടപെട്ട് ടാറിങ് ജോലികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പ്രദേശത്തെത്തിയ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തിയ നാട്ടുകാര്‍ അവരുടെ മുന്‍പില്‍ വെച്ച് കൈകൊണ്ട് ടാറിങ് പൊളിച്ചു നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഏഴുകോടി ചെലവഴിച്ചുള്ള പദ്ധതിയിലാണ് കരാറുകാരന്‍ അനാസ്ഥ നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പണം അനുവദിച്ച് പണി തുടങ്ങിയത്. എന്നാല്‍ നിര്‍മാണം മുന്നോട്ട് നീങ്ങിയിരുന്നില്ല. ജനുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച കലക്റ്റര്‍ കരാറുകാരനോട് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച്ച രണ്ടു മണിക്ക് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കലക്റ്ററുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എഫ് എ ടിയ്ക്കാണ് കരാര്‍ ചുമതലയെങ്കിലും അവര്‍ മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും പ്രധാന ആവശ്യം.


