ക്യാന്‍വാസില്‍ പ്രകൃതിയുടെ ഹരിതവര്‍ണങ്ങള്‍ തീര്‍ത്ത് തൃശൂര്‍ സ്വദേശി

കോഴിക്കോട്: ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല അത് എല്ലാ ചരാചരങ്ങള്‍ക്കും അത് അകാശപ്പെട്ടതാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്തയിലൂന്നിയാണ് ദീപക് പൗലോസ് ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. ‘ഇക്കോസ് ഓഫ് ദി അബ്‌സല്യൂട്ട്’ എന്ന പേരില്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ദീപകിന്റെ ചിത്രപ്രദര്‍ശനം ആശയ തനിമ കൊണ്ട് ശ്രദ്ധേയമാവുകയാണ്. തന്റെ സുഹൃത്തുക്കളുടെ ജീവിതവും പ്രകൃതിയുമായുള്ള അവരുടെ ഇടപെടലുമെല്ലാം ചിത്രങ്ങളിലേക്ക് പകര്‍ത്തി. ജനനവും മരണവും മാത്രമല്ല, സമയത്തെ അടയാളപ്പെടുത്തുന്നതുമാണ്. ഇതിനിടയില്‍ ദ്രവിക്കലും നശിക്കലും വരുന്നുണ്ടെന്ന ആശയം പ്രകൃതിയിലെ ഓരോ പുല്‍നാമ്പിനേയും ചിത്രീകരിച്ച് ദീപക് വ്യക്തമാക്കുന്നു.

അക്രലിക്, വാട്ടര്‍ കളര്‍, ഗോഷ്, ഓയില്‍ എന്നിവയിലാണ് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ദീപക് ഒരുക്കിയത്. തൃശൂര്‍ സ്വദേശിയായ ഈ ഇരുപത്തിയേഴുകാരന്‍ ബറോഡയിലും കൊല്‍ക്കത്തയിലുമടക്കം നിരവധി സംസ്ഥാനങ്ങളില്‍ സംഘ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. മനുഷ്യന് പ്രകൃതിയില്‍ സൗകര്യപ്രദമായ ഇടമൊരുക്കി സന്തോഷം കണ്ടെത്തിക്കൊടുക്കുന്നതോടൊപ്പം അവിടെ പക്ഷിമൃഗാദികളുടെ സാന്നിധ്യവും ദീപക് ചിത്രങ്ങളില്‍ ഉറപ്പുവരുത്തുന്നു. ദീപകിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയിലേത്. തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് ബി എഫ് എയും ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍നിന്ന് എം എഫ് എയും പൂര്‍ത്തീകരിച്ചു. ഫെബ്രുവരി 10ന് ഇതിന്റെ പ്രദര്‍ശനം സമാപിക്കും.

