Naattuvaartha

News Portal Breaking News kerala, kozhikkode,

മൂന്ന് രാജ്യങ്ങളെ ഒരുപോലെ പേടിപ്പിച്ച സ്‌കൈലാബ് വീഴ്ച്ച

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. 2030ല്‍ നാസ ഐ എസ് എസിനെ തിരികെ വിളിക്കും. പസഫിക്ക് സമുദ്രത്തിലെ പോയിന്റ് നീമോ എന്ന സ്ഥലത്ത് രാജ്യാന്തര സ്‌പേസ് സ്റ്റേഷന്‍ ഇടിച്ചിറക്കും. ഇങ്ങനെ മുന്‍പ് തിരികെ വിളിച്ച ഒരു സ്‌പേസ് സ്റ്റേഷനുണ്ട്, അമേരിക്കയുടെ സ്‌കൈലാബ്. അന്ന് ഇന്ത്യക്കാര്‍ പോലും ഭയപ്പെട്ടിരുന്നു. തലയിലെങ്ങാനും വീഴുമോ എന്നായിരുന്നു പേടി. അതൊക്കെ സ്വരുക്കൂട്ടി ഇപ്പോള്‍ ‘സ്‌കൈലാബ’് എന്ന പേരില്‍ ഒരു തെലുങ്ക് കോമഡി സിനിമ ഒ ടി ടിയില്‍ എത്തിയിട്ടുണ്ട്. സിനിമ അവിടെ നില്‍ക്കട്ടെ. കാര്യത്തിലേക്ക് വരാം. സംഭവം നടക്കുന്നത് 1979 ജൂലായ് 11നാണ്. ആന്ധ്രയില്‍ ഏഴ് ലക്ഷം വീടുകള്‍ തകരുകയും 25 ലക്ഷം പേരെ ബാധിക്കുകയും ചെയ്ത കൊടുങ്കാറ്റ് വീശിയടിച്ചിട്ട് വെറും രണ്ട് മാസം. കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ എംവി കൈരളി എന്ന കപ്പല്‍ എവിടേക്കോ മറഞ്ഞുപോയിട്ട് വെറും 8 ദിവസം. ഇന്നു വരെ കണ്ടെത്താത്ത കപ്പലും ഒരു സംസ്ഥാനത്തെയാകമാനം ഉലച്ചുകളഞ്ഞ കൊടുങ്കാറ്റുമൊക്കെ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ തീകോരിയിട്ടിരിക്കുകയാണ്. അപ്പോഴാണ് കേള്‍ക്കുന്നത്, ദേ ആകാശത്തൂന്ന് ഒരു സാധനം പൊട്ടി വീഴാന്‍ പോകുന്നു.

1973നാണ് സ്‌കൈലാബ് വിക്ഷേപ്പിച്ചത്. 71ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സല്യൂട്ട് 1 ആണ് ആദ്യത്തെ സ്‌പേസ് സ്റ്റേഷന്‍. പക്ഷേ, അത് പരാജയമായിരുന്നു. പിന്നീടാണ് അമേരിക്ക സ്‌കൈലാബുമായി എത്തുന്നത്. സ്‌കൈലാബ് വന്‍ വിജയമായിരുന്നു. പക്ഷേ, മുകളിലേക്ക് വിടാനുള്ള സെറ്റപ്പ് മാത്രമേ സ്‌കൈലാബില്‍ ഉണ്ടായിരുന്നുള്ളൂ. തിരികെ വിളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. സൂര്യനിരീക്ഷണമായിരുന്നു സ്‌കൈലാബിന്റെ പ്രധാന ലക്ഷ്യം. അഞ്ച് കൊല്ലം കൊണ്ട് ബഹിരാകാശ യാത്രികര്‍ 700 മണിക്കൂര്‍ സ്‌കൈലാബില്‍ ചെലവഴിച്ച് സൂര്യനെ നിരീക്ഷിക്കുകയും 1,75,000ലധികം ചിത്രങ്ങളെടുക്കുകയും ചെയ്തു. വര്‍ഷം അഞ്ച് കഴിഞ്ഞെു, പ്രതീക്ഷിച്ചതിലും മുമ്പ് സ്‌കൈലാബിന്റെ അവസ്ഥ മോശമാവുകയായിരുന്നു. സൂര്യതാപം അതിനു പ്രധാന പങ്കുവഹിച്ചു. സ്‌കൈലാബിനെ ബഹിരാകാശ അവശിഷ്ടമാക്കാനുള്ള ഐഡിയയൊക്കെ നാസ മുന്നോട്ടുവച്ചെങ്കിലും പണച്ചെലവും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ഇതിനു തിരിച്ചടിയായി. തലയ്ക്ക് മീതേയ്ക്ക് പതിക്കാനൊരുങ്ങുന്ന ഭീമന്‍ ബഹിരാകാശ വസ്തുവിന്റെ വാര്‍ത്ത അമേരിക്കയില്‍ രാഷ്ട്രീയ ചലനങ്ങളും സൃഷ്ടിച്ചു.

AUSTRALIA – APRIL 22: The 82 tonne Skylab space station re-entered the Earth’s atmosphere on 11th July 1979 and parts of it hit the Earth in Western Australia. Many large pieces were retrieved. Skylab had been launched on 14th May 1973 and was visited by three 3-man crews between May 1973 and February 1974 during its operational lifetime. (Photo by SSPL/Getty Images)

എത്ര ആളുകള്‍ മരിക്കുമെന്ന സ്വാഭാവികമായ ചോദ്യത്തിന് നാസയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. മരിക്കില്ല എന്ന് വിശ്വസിക്കുന്നു എന്നും ജനങ്ങള്‍ക്ക് അപകടം പറ്റാനുള്ള സാധ്യത 152ല്‍ 1 എന്നുമൊക്കെ നാസ പറഞ്ഞെങ്കിലും ജനത്തിന് അത് സ്വീകാര്യമായില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്‌കൈലാബ് പതിക്കുമെന്നാണ് നാസ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയും ഓസ്‌ട്രേലിയക്കാരും ഒരുപോലെ സ്‌കൈലാബിനെ ഭയന്നു. ഇതിനിടയില്‍ ‘സാന്‍ ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍’ എന്ന അമേരിക്കന്‍ ദിനപത്രം ഒരു പരസ്യം നല്‍കി. ‘കടലിലേക്ക് വീണ് 72 മണിക്കൂറിനകം സ്‌കൈലാബിന്റെ അവശിഷ്ടം ഞങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുവന്നാല്‍ പൈനായിരം ഡോളര്‍ സമ്മാനം’. കടലില്‍ വീഴുന്ന സ്‌കൈലാബ് ആരെടുക്കാനാണെന്നായിരുന്നു ചിന്ത. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.

1979 ജൂലായ് 11ന് സ്‌കൈലാബ് തിരികെ ഭൂമിയിലേക്ക്. അന്തരീക്ഷം തുളച്ച്, ഒരു തീഗോളമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്‌കൈലാബ് പതിച്ചു. മുഴുവന്‍ സമുദ്രത്തില്‍ വീണില്ല. അല്ലറ ചില്ലറ ഭാഗങ്ങള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും വീണു. അട്ടയുടെ കണ്ണ് കണ്ടവര്‍ കേരളത്തില്‍ മാത്രമല്ല. അങ്ങ് ഓസ്‌ട്രേലിയായിലും ഉണ്ടായിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സ്റ്റാന്‍ തോണ്‍ടണ്‍ 17കാരന്‍ കുറച്ച് അവശിഷ്ടങ്ങളൊക്കെ പെറുക്കി അപ്പോ തന്നെ അമേരിക്കയ്ക്ക് വിമാനം കയറി. അയാള്‍ക്ക് പത്രം പാരിതോഷികവും നല്‍കി. ഇങ്ങനെ പലരില്‍ നിന്നായി ശേഖരിച്ച സ്‌കൈലാബിന്റെ അവശിഷ്ടങ്ങളൊക്കെ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ എസ്പറന്‍സിലുള്ള ഒരു മ്യൂസിയത്തിലുണ്ട്. എന്തായാലും ഐ എസ് എസ് സ്‌കൈലാബ് വീണതുപോലെ വീഴില്ല. ഇപ്പോള്‍ ശാസ്ത്രം വികസിച്ചു. സാങ്കേതികതയും വികസിച്ചു. അതുകൊണ്ട് തന്നെ നാസ അത് കൃത്യമായി കടലില്‍ ലാന്‍ഡ് ചെയ്യിച്ചോളും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!