Naattuvaartha

News Portal Breaking News kerala, kozhikkode,

പ്രചരിച്ചത് തന്റെ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ നഗ്ന ചിത്രം; വിമര്‍ശനവുമായി നടി മാളവിക മോഹനന്‍

ഫോട്ടോഷോപ്പില്‍ ചെയ്ത തന്റെ വ്യാജ നഗ്ന ചിത്രം ഉപയോഗിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും ചലച്ചിത്ര ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളുമായ മാളവിക മോഹനന്‍. നടിയുടെ വ്യാജ ചിത്രം തമിഴിലെ ഒരു മുന്‍നിര മാധ്യമം വാര്‍ത്തയ്ക്കായി ഉപയോഗിച്ചതിന് പിന്നാലെയാണ് മാളവിക ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയത്.

‘ ഈ ഫോട്ടോ കഴിഞ്ഞ മാസമാണ് ഞാനെടുത്തത്. ആരോ ഫോട്ടോഷോപ്പ് ചെയ്ത് മോശം ചിത്രമാക്കി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഈ മോശം പ്രവൃത്തി ചെയ്ത ആളിന് പുറമേ മറ്റുപലരും പ്രമുഖ മാധ്യമങ്ങളും ഉള്‍പ്പടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് കാണുമ്പോള്‍ വളരെയധികം വിഷമം തോന്നുന്നുണ്ട്. ഇത് ചീപ്പ് മാധ്യമപ്രവര്‍ത്തനമാണ്. ഇതുപോലുള്ള മോശം ഫേക്ക് ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്’. മാളവിക മോഹനന്‍ ട്വീറ്റ് ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നുള്ള കുടുംബമാണെങ്കിലും മുംബൈ നഗരത്തിലാണ് മാളവിക വളര്‍ന്നത്. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് താരം മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയത്. ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ‘പട്ടംപോലെ’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവിക മോഹനന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

അതിന് ശേഷം നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള സിനിമകളുടേയും ഭാഗമായി. നിര്‍ണ്ണായകത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരവും അവര്‍ക്ക് ലഭിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’ ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം. വിജയ് ചിത്രം മാസ്റ്ററില്‍ അദ്ധ്യാപികയുടെ വേഷത്തില്‍ മാളവിക അഭിനയിച്ചിരുന്നു.

മലയാളത്തിനും തമിഴിനും പുറമേ വിജയ് ദേവരകൊണ്ടയുടെ തമിഴ്-തെലുങ്ക് ദ്വിഭാഷാചിത്രമായ’ ഹീറോ’യിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാളവിക. നാനു മാട്ടു വരലക്ഷ്മി എന്ന കന്നഡ സിനിമയിലും പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!