ഒളവണ്ണ സി എച്ച് സി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം

കുന്ദമംഗലം: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒളവണ്ണ സി എച്ച് സിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി ടി എ റഹീം എം എല്‍ എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തല ആര്‍ ആര്‍ ടികള്‍ ശക്തിപ്പെടുത്തുന്നതിനും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും നേതൃത്വം നല്‍കും.

ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളില്‍ അതാത് സന്ദര്‍ഭങ്ങളില്‍ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി കെ ശൈലജ, പി ബാബുരാജന്‍, ബ്ലോക്ക് മെമ്പര്‍ എ പി സെയ്താലി, ഡി എം ഒയുടെ പ്രതിനിധി ഡോ. വി ആര്‍ ലത, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ജോഷി, ബാബു പറശ്ശേരി, കെ ബൈജു, എന്‍ മനോജ് കുമാര്‍, പി ജി വിനീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടന്‍ സ്വാഗതവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി റംല നന്ദിയും പറഞ്ഞു.

