വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.

കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവാ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് വാവാ സുരേഷിന്റെ ചികിത്സ.

