Naattuvaartha

News Portal Breaking News kerala, kozhikkode,

ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ വാദങ്ങള്‍ നിരത്തി പ്രോസിക്യൂഷന്‍ ഭാഗം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ വാദങ്ങള്‍ നിരത്തി പ്രോസിക്യൂഷന്‍ ഭാഗം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണത്തില്‍ മാത്രമേ വസ്തുതകള്‍ ശേഖരിക്കാനാകൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ ദിലീപ് നിയമത്തിന് വഴങ്ങണമെന്ന് ചൂണ്ടിക്കാട്ടി. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച പ്രോസിക്യൂഷന്‍ പ്രതികളുടെ പശ്ചാത്തലം കൂടി ജാമ്യാപേക്ഷയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ വിഡിയോ ലഭിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരാണ് പ്രതികള്‍. പ്രതികളിലൊരാള്‍ സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരിരക്ഷ പ്രതിക്ക് നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

ദിലീപിനെതിരായി പരാതി നല്‍കിയ ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ഗൂഡാലോചന സംബന്ധിച്ച് കൃത്യമായി തെളിവ് ലഭിച്ച ശേഷമാണ് ബൈജു പൗലോസ് പരാതി നല്‍കിയത്. ഗൂഡാലോചന നടത്തിയതിന് കൃത്യമായ സാക്ഷിയുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി സ്ഥിരതയും വിശ്വാസ്യതയുമുള്ളതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള ആറ് പേര്‍ തീരുമാനമെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിച്ച് കളയണമെന്ന് ദിലീപിന്റെ ഓഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപ് ഇന്നോവ കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രതി ഇങ്ങനെ പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. സോജനും സുദര്‍ശനും നല്ല ശിക്ഷയായിരിക്കും കൊടുക്കുകയെന്ന് പറയുന്നത് സാക്ഷി കേട്ടു. കോടതിയില്‍ വെച്ചും അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പ്രതികള്‍ ഫോണ്‍ മാറ്റി. ഫോണുകളുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഫോണ്‍ പാറ്റേണ്‍ കൈമാറാന്‍ കൂടുതല്‍ സമയമെടുത്തതില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പറിയിച്ചു. ദിലീപും ബൈജുവും ശരത്തും വ്യവസായി സലീമിനെ ഭീഷണിപ്പെടുത്തി. ആലുവയിലെ വ്യവസായി സലീമിന്റെ മൊഴികള്‍ നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗൂഡാലോചന കേസില്‍ പ്രതികളുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലെത്തിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!