വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇന്ന് രാവിലെയും സുരേഷിനെ പരിശോധിച്ചു. പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ തലച്ചോറിനേറ്റ ആഘാതത്തെ കുറിച്ചായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന പരിശോധന.

വാവാ സുരേഷിന് ഓര്‍മശക്തി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വിവരങ്ങള്‍ അറിഞ്ഞതോടെ മന്ത്രി വി എന്‍ വാസവനെ ഫോണില്‍ വിളിച്ച് സംസാരിക്കണം എന്നും വാവാ സുരേഷ് താല്‍പര്യം പ്രകടിപ്പിച്ചു. ഇതോടെ മന്ത്രിയെ ഫോണില്‍ വിളിച്ച് നല്‍കി. ഗുരുതരാവസ്ഥയില്‍ എത്തിയപ്പോള്‍ സഹായിച്ച മന്ത്രിയോട് വാവാ സുരേഷ് നന്ദി രേഖപ്പെടുത്തി.

കൃത്യമായ ബോധത്തോടെ സംസാരിക്കുന്നു എന്നത് ശുഭസൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. പരസഹായത്തോടെ കിടക്കയില്‍ എഴുന്നേറ്റ് ഇരുന്നതായും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. ലഘുഭക്ഷണങ്ങള്‍ നല്‍കി തുടങ്ങി.
