സ്വയം പ്രതിരോധത്തിന് അടവുകള്‍ പരിശീലിച്ച് മുക്കത്തെ പെണ്‍കുട്ടികള്‍

മുക്കം: സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് മുക്കം നഗരസഭയിലെ കച്ചേരി പ്രദേശത്തെ പെണ്‍കുട്ടികള്‍. നഗരസഭയുടെ ആര്‍ച്ച(ആക്ക്യുറിങ് റെസിസ്റ്റന്‍സ് എഗൈന്‍സ്റ്റ് ക്രൈം ആന്‍ഡ് ഹറാസ്സ്‌മെന്റ്) പദ്ധതിക്ക് കീഴിലാണ് പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നത്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിശീലനം.

വിവിധ ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും മേല്‍നോട്ടം പരിശീലന പരിപാടിക്കുണ്ട്. കച്ചേരി എല്‍ പി സ്‌കൂളിലാണ് പരിശീലനം നടത്തുന്നത്. ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ കരാട്ടെ സ്‌കൂളിന്റെ ചീഫ് ഇന്‍സ്ട്രക്ടറും സിക്‌സ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റുമായ വി. പി രാജന്‍ ആണ് മുഖ്യ പരിശീലകന്‍.
20 കുട്ടികളാണ് നിലവില്‍ പരിശീലനം നേടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. അഗസ്ത്യമുഴി, മണാശ്ശേരി എന്നിവിടങ്ങളിലുള്ള ബാച്ചുകള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പരിശീലനം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു വിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ പി ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ബിന്ദു കെ, ജോഷില പി, രാജന്‍ എടോനി, ബിന്നി മനോജ്, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
