പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

കുന്ദമംഗലം: പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിച്ചു. താമരശ്ശേരി വരിട്ടിയാക്കില്‍ സി ഡബ്ല്യു ആര്‍ ഡി എം റോഡിലെ പെരിങ്ങളത്ത് നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഈ റോഡിന്റെ പണക്കായി അനുവദിച്ചിട്ടുള്ളത്. പി ടി എ റഹീം എം എല്‍ എ വര്‍ക്ക് സൈറ്റില്‍ നേരിട്ടെത്തി റോഡ് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. ആദ്യഘട്ട ടാറിംഗ് ആയ ബി എം ആണ് ഇപ്പോള്‍ നടന്നുവരുന്നത്. രണ്ടാം ഘട്ടമായുള്ള ബി സി ടാറിങ് ഇപ്പോഴുള്ള പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തോടെ ആരംഭിക്കുന്നതാണ്.

ഈ റോഡിന്റെ രണ്ടാം ഘട്ടമായി പെരുവഴിക്കടവ് മുതല്‍ ഇഷ്ടികബസാര്‍ വരെയുള്ള ഭാഗം ആധുനികരീതിയില്‍ നവീകരിക്കുന്നതിന് 3.37 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ടെണ്ടര്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നതായി എം എല്‍ എ അറിയിച്ചു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കുന്ദമംഗലം ഗവ. കോളേജ്, എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍, എന്‍ ഐ ടി, കൂളിമാട്, മാവൂര്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായി ഈ റോഡ് മാറും.

