ആം ആദ്മിയുടെ പുതിയ മദ്യനയത്തിനെതിരെ സ്മൃതി ഇറാനി


എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ മദ്യനയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് സമൃതി ഇറാനി ആരോപിച്ചു. ഡല്‍ഹിയില്‍ ബി ജെ പി സംഘടിപ്പിച്ച വിര്‍ച്വല്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. ‘സ്വരാജിനെ കുറിച്ച് സംസാരിക്കുകയും മദ്യശാലകള്‍ പിടിച്ചെടുക്കണമെന്നും അവ പൂട്ടിക്കണമെന്നും പുസ്തകത്തിലെഴുതിയ അതേ നേതാവ് ഇപ്പോള്‍ ഓരോ വാര്‍ഡിലും ഓരോ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സമൃതി ഇറാനി പരിഹാസത്തോടെ പറഞ്ഞു.

നേട്ടം കൊയ്യാന്‍ എ എ പി സര്‍ക്കാര്‍ എന്തും ചെയ്യും. അത് ഈ പുതിയ തീരുമാനത്തിലൂടെ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ അതുകൊണ്ട് തകരുന്ന കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്ന് സമൃതി ഇറാനി ചോദിച്ചു. ‘മദ്യം വിറ്റ ലാഭത്തിലൂടെ കിട്ടുന്ന പണം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രയോജനപ്പെടുമോ? അടുത്തടുത്തുള്ള മദ്യവില്‍പന ശാലകള്‍ കാരണം ആളുകള്‍ തമ്മിലടിക്കാന്‍ തുടങ്ങി. പുതിയ മദ്യവില്‍പന നയം സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. എക്സൈസ് നയത്തിനെതിരായ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് കെജ്‌രിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ സര്‍ക്കാര്‍ പുതിയ മദ്യനയം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബി ജെ പിയുടെ തീരുമാനമെന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു.


