Naattuvaartha

News Portal Breaking News kerala, kozhikkode,

വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ നരഭോജി, ബ്രോ ഡാഡിയിലെ പൊക്കക്കാരനായി തിരിച്ചെത്തി

അത്ഭുതദ്വീപിലെ നരഭോജി കഥാപാത്രമായി പ്രേക്ഷകനെ പേടിപ്പിച്ച നടന്‍ ‘ബ്രോ ഡാഡി’ സിനിമയിലെ വിവാഹരംഗത്തില്‍ പനിനീരു തെളിക്കുന്ന പൊക്കക്കാരനായി തിരിച്ചെത്തി. എഴുത്തുകാരനായ ഹരിലാല്‍ രാജേന്ദ്രന്‍ ഈ നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഷിബു എന്നാണ് നടന്റെ പേര്. കലാലോകത്ത് ‘തുമ്പൂര്‍ ഷിബു’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവിതത്തില്‍ സുരക്ഷാ ജീവനക്കാരന്റെ റോളടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ നടന്. സിനിമ സൗഹൃദ കൂട്ടായ്മയായ എംത്രിജിഡിബി പേജിലാണ് ഷിബുവിന്റെ ജീവിതകഥ ഹരിലാല്‍ പങ്കുവച്ചിരിക്കുന്നത്.

‘ബ്രോ ഡാഡി’ കാണുന്നതിനിടെ അത്ഭുത ദ്വീപിലെ നരഭോജിയല്ലേ അച്ഛാ അത് എന്ന് മകള്‍ ചോദിച്ചപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. പനിനീരു തളിക്കാന്‍ വന്ന് സല്യൂട്ടടിച്ചു പോകുന്ന ആ പൊക്കക്കാരന്‍ ‘അത്ഭുതദ്വീപി’ലെ നരഭോജിയായി വന്ന ആള്‍ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കണ്ട ആ കഥാപാത്രത്തെ ഇത്രകാലം കഴിഞ്ഞു കാണുമ്പോഴും അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞ് ഗൂഗിളില്‍ ആദ്യം തേടിയത് ആ നടന്‍ ആരാണെന്നാണ്. ഒടുവില്‍ ആളെ കണ്ടുപിടിച്ചു. ‘തുമ്പൂര്‍ ഷിബു’. നമ്പര്‍ തപ്പിയെടുത്ത് രാവിലെ ഷിബുവിനെ വിളിക്കുകയും നടന്റെ കഥയെല്ലാം നേരിട്ട് കേള്‍ക്കുകയും ചെയ്തു.

തൃശ്ശൂരിനടുത്ത് തുമ്പൂരില്‍ പോള്‍സണ്‍-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് ഷിബു. ഉയരക്കൂടുതല്‍ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു എന്ന പയ്യന്‍ ജീവിതമാര്‍ഗ്ഗം തേടി മദിരാശിക്കു പോകുന്നു. അവിടെ അവന്റെ ഉയരം അവനു സഹായമായി. വിജയശാന്തിയും വിജയുമെല്ലാം പങ്കെടുക്കുന്ന സൂപ്പര്‍ താര പരിപാടികളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു. അക്കാലത്ത് ‘രാമര്‍ പെട്രോള്‍’ കണ്ടുപിടിച്ച് വിവാദനായകനായ രാമര്‍ പിള്ളയുടെ വീടിന് സ്ഥിരം ഗാര്‍ഡുകളില്‍ ഒരാളായി. പേരുപോലുമറിയാത്ത ചില തമിഴ് സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളില്‍ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനുള്ള സംഘടനയില്‍ ഭാഗമായി. കേരളത്തിലും അങ്ങനെയൊന്നുണ്ടാക്കാന്‍ ചിലരോടെല്ലാം ആലോചിച്ചുറപ്പിച്ച് ഷിബു നാട്ടിലേക്ക് മടങ്ങി.

1999 ല്‍ ‘All Kerala Tallmen’s Association’ എന്ന സംഘടന രൂപീകരിച്ചു. ആ ഇടയ്ക്ക് ശ്രീകണ്ഠന്‍ നായരുടെ ‘നമ്മള്‍ തമ്മില്‍’ എന്ന പരിപാടിയില്‍ ഉയരക്കുറവുള്ളവരും കൂടുതലുള്ളവരും ഇരു ചേരികളിലായി വരുന്ന ചര്‍ച്ച നടന്നു. ഇതു കണ്ട സംവിധായകന്‍ വിനയന്‍ തന്റെ പുതിയ സിനിമയായ ‘അത്ഭുത ദ്വീപി’ല്‍ നരഭോജികളാവാന്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിച്ചു. ആ തീരുമാനമായിരുന്നു തുമ്പൂര്‍ ഷിബുവിനും കൂട്ടുകാര്‍ക്കും മലയാള സിനിമയിലേയ്ക്കുള്ള ആദ്യ അവസരമായി വീണുകിട്ടിയത്. പിന്നീട് ചാലക്കുടിയിലെ ‘അക്കര തിയറ്ററി’ല്‍ കുറേക്കാലം സെക്യൂരിറ്റി ജീവനക്കാരനായി. അക്കാലത്ത് പരിചയപ്പെട്ട കലാഭവന്‍ മണിയുടെ റക്കമെന്റേഷനില്‍ വലിയ പ്രോഗ്രാമുകളില്‍ ഗാര്‍ഡായി ജോലി കിട്ടി. ക്രേസി ഗോപാലനില്‍ ചെറിയ വേഷം കിട്ടുന്നതോടെ രണ്ടാം വട്ടവും ഷിബു സിനിമയില്‍ മുഖം കാണിച്ചു. 2008ല്‍ കലാഭവന്‍ മണി നേരിട്ട് വിളിച്ച് ‘കബഡി കബഡി’ എന്ന സിനിമയില്‍ ജയില്‍പ്പുള്ളിയുടെ വേഷം നല്‍കി.

2009ല്‍ ‘ഗുലുമാല്‍’ എന്ന സിനിമയില്‍ കുഞ്ഞൂട്ടന്‍ എന്ന കഥാപാത്രം ചെയ്തു. 2013ല്‍ ക്ലൈമാക്‌സ് എന്ന സിനിമയിലും 2014ല്‍ കലാഭവന്‍ മണി അഭിനയിച്ച 3D ചിത്രമായ ‘മായാപുരി’യിലും ചെറിയ വേഷങ്ങള്‍ ചെയ്തു. കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്നീ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. സിനിമയേക്കാള്‍ തിരക്കിട്ട ഈവന്റ് മാനേജ്മന്റ് ജോലികളിലേക്ക് ഷിബുവിന്റെ ‘Tallmen’s Force–‘ എന്ന ഉയരക്കാരുടെ സംഘടന അതിനിടയ്ക്ക് വളര്‍ന്നിരുന്നു. നാലു സംസ്ഥാനങ്ങളിലെ പ്രമുഖ ഷോകളിലും കല്യാണങ്ങളിലും ഷിബുവും ആറടി പൊക്കക്കാരുടെ ടീമും സുരക്ഷാവലയം തീര്‍ക്കാന്‍ തുടങ്ങി. ‘ഉയരം ഞങ്ങള്‍ക്കൊരഭിമാനം; ദൈവം തന്നൊരു വരദാനം’ എന്ന ആപ്തവാക്യവുമായി Tallmen’s Force എന്ന ഉയരക്കാരുടെ കൂട്ടായ്മ ആഘോഷങ്ങള്‍ നടത്തി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ‘നിങ്ങളുടെ യൂണിഫോമുമിട്ട് നാലുപേര്‍ ഹൈദരാബാദിനു വരൂ’ എന്നു പറഞ്ഞ് സാക്ഷാല്‍ പൃഥ്വിരാജിന്റെ വിളി വന്നത്. കേട്ടപാടേ സംഘടനയിലെ അംഗങ്ങളായ ഡയ്‌സണ്‍ കുറ്റിക്കാട്, ആന്റണി ചവറ, നിഷാദ് മലപ്പുറം എന്നിവരോടൊപ്പം ഷിബു പുറപ്പെട്ടു. ‘ബ്രോ ഡാഡി’യുടെ സെറ്റിലെത്തിക്കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് ബാന്‍ഡ് മേളക്കാരുടെ നല്ല നാലു പളപളപ്പന്‍ കുപ്പായങ്ങള്‍ കിട്ടി. അങ്ങനെ ഉയരം അനുഗ്രഹമായ ഷിബുവും കൂട്ടുകാരും വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തി. ലാലിനും ലാലുവിനും രാജുവിനും മുന്നിലേയ്ക്ക് സൗബിന്റെ ഓര്‍ഡറില്‍ കടന്നുവന്ന് സല്യൂട്ടടിച്ചും പനിനീരു തളിച്ചും കടന്നുപോകുന്നു. ഇത് ‘പൊക്കമുള്ളതാണെന്റെ പൊക്കം’ എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കുട്ടിക്കാലത്തെ കളിയാക്കലുകള്‍ക്ക് ഇത്തരം ചെറു വിജയങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്യുന്ന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!