നിലമ്പൂര്‍ കൂറ്റമ്പാറയില്‍ കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നിലമ്പൂര്‍: കൂറ്റമ്പാറയില്‍ നിന്ന് രണ്ട് കിന്റലോളം കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി ശിഹാബുദ്ദീന്‍(35), പെരുന്തുറൈ സ്വദേശി ഷാഫി എന്ന ഷാഫിര്‍ അഹമ്മദ്(34) എന്നിവരെയാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.

കൂറ്റമ്പാറയില്‍ കഞ്ചാവ് ഇറക്കിയ ശേഷം വാഹനവുമായി ഗൂഡല്ലൂരിലേക്ക് പോകുന്ന വഴി കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ് വഴിക്കടവില്‍ പിക്കപ്പ് ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതികളാണ് പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും കൂറ്റമ്പാറയില്‍ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടികൂടിയിരുന്നു. കുറ്റമ്പാറ സ്വദേശികളായ അബ്ദുള്‍ ഹമീദ്, സല്‍മാന്‍, കൂറ്റമ്പാറ സ്വദേശി വിഷ്ണു, പോത്തുകല്ല് സ്വദേശി റഫീഖ്, എടക്കര സ്വദേശി ഷറഫുദിന്‍, അമരമ്പലം സ്വദേശികളായ അലി, ജംഷാദ്, ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ടുപേരെയും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം ഏറ്റെടുത്ത എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം ഇതിലെ ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ നിന്ന് കൊണ്ട് വരുന്ന വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് എത്തിച്ചവരാണ് ഇന്നലെ പിടിയിലായത്. കേസിലെ രണ്ടാം പ്രതി കൂറ്റമ്പാറ ചേനേംപാടം സല്‍മാന്‍(34), മൂന്നാം പ്രതി പോത്തുകല്ല് റഫീഖ്(30), ഏഴാം പ്രതി അമരമ്പലം നരിപ്പൊയില്‍ പൊടിയാട്ട് വിഷ്ണു(25) എന്നിവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ എന്‍ ബൈജുവിന്റ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മഞ്ചേരി എന്‍ ഡി പി സ്പെഷ്യല്‍ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സുഗന്ധകുമാര്‍, സുധീര്‍, സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജിബില്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
