റോഡ് നിര്‍മാണത്തിലെ അപാകത; പരിശോധനയ്ക്ക് സംയുക്തസമിതി


കോഴിക്കോട്: വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍ കോളനികളിലെ റോഡ് നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെയും നിര്‍വ്വഹണ ഏജന്‍സിയായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിലെയും എന്‍ജിനീയര്‍മാരടങ്ങുന്ന സംയുക്ത സമിതിയെ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിയോഗിച്ചു. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന ജില്ലാതല മോണിറ്ററിങ് കമ്മറ്റിയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. കമ്മറ്റി യോഗത്തിനുശേഷം കോളനികളിലെ പ്രമോട്ടര്‍മാര്‍, വാര്‍ഡ് മെമ്പര്‍, കോളനി നിവാസി പ്രതിനിധി എന്നിവരടങ്ങുന്ന സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു.

റോഡ് നിര്‍മാണത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് റോഡ് പ്രവൃത്തി വിലയിരുത്തിയിരുന്നു. അപാകത തോന്നിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്‍ജിനീയര്‍മാരെ വിളിച്ചു വരുത്തി മേല്‍നോട്ട പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തുകയും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഇതുവരെ നടന്ന പ്രവൃത്തിയുടെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സംയുക്ത സമിതിയോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് അസിസ്റ്റന്റ് എന്‍ജിനീയറെ നിയോഗിക്കാന്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് പ്രവൃത്തി വേഗത്തിലാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഇനം തിരിച്ച് പരിശോധിച്ച ശേഷമേ ബില്ല് പാസ്സാക്കാവൂ എന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി. സെയ്ദ് നയീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.സലീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

