വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയതായി 51കാരിയുടെ പരാതി

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശിനിയായ 51കാരി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്. വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാന്‍ പണം കെട്ടിവെയ്ക്കണമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വിവാഹമോചിതയായ 51 കാരി 2021 ജനുവരിയിലാണ് വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പിന്നാലെ തട്ടിപ്പുകാരനെ പരിചയപ്പെടുന്നതും. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോര്‍ദാനിലെ ഉള്‍നാട്ടില്‍ ജോലിചെയ്യുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ സ്ത്രീയുമായി പരിചയപ്പെട്ടത്. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരന്‍ വാട്സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഇവരെ നേരില്‍ക്കാണാനായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് നവംബറില്‍ അറിയിച്ചു.

ഇതിന് ശേഷമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കില്‍ 22.75 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്. പരാതിക്കാരിക്ക് നല്‍കാന്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതാണ് പ്രശ്‌നമെന്നുമറിയിച്ചു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പരാതിക്കാരിയെ വിളിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവര്‍ പണം കൈമാറിയത്. കസ്റ്റംസ് ഫീ, ഡെസ്പാച്ച് ഫീ, ഇന്‍സ്റ്റലേഷന്‍ ഫീ, നോട്ടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്.
നാലുപേരുടെ പേരിലുള്ള നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം പിന്നീടും പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് കബളിക്കപ്പെട്ടുവെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികളുപയോഗിച്ച ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതലും ഇന്റര്‍നെറ്റ് കോളുകളായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പണം കൈമാറിയ ഒരു അക്കൗണ്ട് ബെംഗളൂരുവിലേതാണെന്ന് തിരിച്ചറിഞ്ഞു.
