Naattuvaartha

News Portal Breaking News kerala, kozhikkode,

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. ഓഫിസുകള്‍ക്ക് മുന്നിലെ അനാവശ്യ ജനക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍ ആര്‍ ടി ഒ, ഡി റ്റി ഒ എന്നിവര്‍ക്കും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Read Also; ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’; ജോയ് മാത്യൂ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!