NAATTUVAARTHA

NEWS PORTAL

കോര്‍പ്പറേഷന്‍ വികസന സെമിനാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതികളുടെ വികസന സെമിനാര്‍ തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അനുദിനം വളരുന്ന കോഴിക്കോടിന്റെ വികസനത്തിന് കരുത്തു പകരുന്നതായിരിക്കും സെമിനാറെന്നും മറ്റു കോര്‍പ്പറേഷനുകളില്‍ നിന്ന് വ്യത്യസ്തമായി വികസനത്തില്‍ പുതിയ മുഖവും ശൈലിയുമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതെന്നും ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്റെ പ്രവര്‍ത്തന നേട്ടത്തിന് ലഭിച്ച അംഗീകാരമാണ് കഴിഞ്ഞ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നമുക്ക് നേടാനായ സ്വരാജ് ട്രോഫി. ഈ നേട്ടത്തിന് വഴിയൊരുക്കിയ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. വികസന പ്രവര്‍ത്തനങ്ങളെ സാധാരണക്കാരന് പ്രാപ്തമാക്കാനും ജനകീയവത്കരിക്കാനും കഴിയുന്ന പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ കോര്‍പ്പറേഷന് സാധിക്കും.

നഗരത്തിന്റെ സമഗ്ര പുരോഗതിക്കായി തയ്യാറാക്കുന്ന പുതിയ മാസ്റ്റര്‍ പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. ശുചിത്വ പ്രോട്ടോക്കോള്‍ അടക്കമുള്ള പദ്ധതികള്‍ നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമഗ്രവികസന കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. വികസന പദ്ധതികള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു.

ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കരട് പദ്ധതികള്‍ അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ പി. ദിവാകരന്‍, പി.കെ. നാസര്‍, ഡോ. എസ്. ജയശ്രീ, പി.സി. രാജന്‍, കൃഷ്ണകുമാരി, സി. രേഖ, ഒ.പി. ഷിജിന, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, വിവിധ കൗണ്‍സിലര്‍മാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, വിദഗ്ധ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read Also; കൊല്ലത്ത് സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു

Leave a Reply

Your email address will not be published.

error: Content is protected !!