Naattuvaartha

News Portal Breaking News kerala, kozhikkode,

കട്ടിപ്പാറയില്‍ എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി പി ഐ എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറയിലെ യു ഡി എഫ് ഭരണ സമിതി അധികാരമേറ്റ് ഒന്നര വര്‍ഷം പിന്നിടുമ്പോഴും കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതി അസൂത്രണം ചെയ്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു എന്നല്ലാതെ പുതുതായി ഒന്നും ആരംഭിച്ചിട്ടില്ല.

സാധാരണക്കാരടക്കമുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒന്നര കോടി രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിട നിര്‍മ്മാണം ഇത് വരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. കട്ടിപ്പാറ മൃഗാശുപത്രി കൃഷിഭവന്‍ ബൈപാസ് റോഡിനും പാലത്തിനുമായി കഴിഞ്ഞ ഭരണ സമിതി 40 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിലവിലെ ഭരണ സമിതി സമയബന്ധിതമായി പ്രവൃത്തി ആരംഭിക്കാത്തതിനാല്‍ ഫണ്ട് നഷ്ടപ്പെട്ടു. വീണ്ടും ഇതിന് ഫണ്ട് വകയിരുത്തി പണി പൂര്‍ത്തീകരിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്ന അവസ്ഥയിലാണുള്ളത്. നിര്‍മ്മാണത്തിലെ ആശാസ്ത്രീയതയും അഴിമതിയും അന്വേഷണത്തിന് വിധേയമാക്കുകയും തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണം.

കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലിന്റെ ഭാഗമായി അപകട ഭീഷണിയുള്ള കുടുംബങ്ങള്‍ക്ക് ജെ കെ സിമന്റ്സ് കോളനി വീട് നിര്‍മിച്ചു നല്‍കിയ 20 കുടുംബങ്ങള്‍ക്കും കനിവ് ഗ്രാമത്തിലെ താമസക്കാര്‍ക്കും കുടിവെള്ളവും റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി പ്രവൃത്തികള്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ദീര്‍ഘ വീക്ഷണത്തോടുള്ള ഒരു പദ്ധതിയും ഏറ്റെടുക്കാന്‍ യുഡിഎഫ് ഭരണ സമിതിക്ക് സാധിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി ജാഗ്രത പുലര്‍ത്തണം. കട്ടിപ്പാറ കഴിഞ്ഞ കാലത്ത് അറിയപ്പെട്ടത് കായിക മേഖലയിലെ മുന്നേറ്റത്തിലൂടെയായിരുന്നു. എന്നാല്‍ നിലവിലെ ഭരണ സമിതി കായിക മേഖലയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘നിലാവ് ‘ തെരുവ് വിളക്ക് പദ്ധതി പഞ്ചായത്ത് അടിയന്തിരമായി നടപ്പിലാക്കണം. എല്‍ഡിഎഫ് മെമ്പര്‍മാരുള്ള വാര്‍ഡില്‍ അവരെ മാറ്റി നിര്‍ത്തി ഉദ്ഘാടന പ്രവൃത്തി ഉള്‍പ്പെടെ നടത്തുന്നത് അവസാനിപ്പിക്കണം. തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയത്. ടി സി വാസു,നിധീഷ് കല്ലുള്ളതോട്, കെ കെ അപ്പുക്കുട്ടി, സി പി നിസാര്‍,കരീം പുതുപ്പാടി എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!