Naattuvaartha

News Portal Breaking News kerala, kozhikkode,

ലഹരിക്കെതിരെ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആയിരങ്ങളെ അണിനിരത്തി വിവിധ തദ്ദേശ സ്ഥാപനങ്ങൾ തീർത്ത മനുഷ്യച്ചങ്ങലയും റാലികളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾ അടക്കം നാലായിരത്തോളം ആളുകൾ മനുഷ്യച്ചങ്ങലയിൽ അണിനിരന്നു. കാരന്തൂർ മുതൽ പടനിലം വരെ ഏഴ് കിലോമീറ്റർ നീളത്തിലാണ് ചങ്ങല തീർത്തത്. ചടങ്ങ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Read Also  : ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’: ശ്രദ്ധേയമായി പേരാമ്പ്രയിലെ രാത്രി നടത്തം

പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ലഹരിയെന്ന വിപത്തിനെ കുറിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സംസാരിച്ചു. പരിപാടിയുടെ സ്വാഗത സംഘം ചെയർമാൻ കോയ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.

Read Also : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ സംസ്ഥാന വ്യാപകമായി കേരളപ്പിറവി ദിനത്തിൽ താമരശ്ശേരി ജില്ലാ ട്രഷറിക്ക് മുമ്പിൽ ധർണ്ണന നടത്തി

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കെ.എം.സി.ടി പോളിടെക്‌നിക് കോളേജുമായി സഹകരിച്ചാണ് ലഹരിവിരുദ്ധ റാലി നടത്തിയത്. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സംഘടനകൾ തുടങ്ങി ആയിരത്തിലധികം പേർ റാലിയിൽ അണിനിരന്നു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, കെ.എം.സി.ടി പോളിടെക്‌നിക് പ്രിൻസിപ്പാൾ ഉദയകുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also : കേരള മധ്യനിരോധന സമിതി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഗമം സംഘടിപ്പിച്ചു

താമരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലിസ്സ കോളേജുമായി സഹകരിച്ച് ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. ‘സദ്ഗമയ’ എന്ന പേരിൽ തെരുവുനാടകം അവതരിപ്പിച്ചു. ജി.എം.എച്ച്.എസ് പരപ്പൻപൊയിൽ, താമരശ്ശേരി പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നാടകം അരങ്ങേറിയത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ, എക്സൈസ് ഉദ്യോഗസ്ഥൻ പ്രസാദ്, ലിസ കോളേജ് പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also : വായനശാല സംഘടിപ്പിച്ച മനുഷ്യ ചങ്ങലയും ബോധവത്കരണ ക്ലാസും തേറ്റാമ്പുറത്ത് നടന്നു

കോടഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബഹുജന പങ്കാളിത്തത്തോടെ അങ്ങാടിയിൽ മനുഷ്യച്ചങ്ങല തീർത്തു. വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ അണി നിരത്തിയാണ് ചങ്ങല ഒരുക്കിയത്.
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ചങ്ങലയിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ: കുര്യാക്കോസ് ഐകുളമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ലിസി ചാക്കോ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, സബ്ഇൻസ്പെക്ടർ ബെന്നി സി. ജെ, സ്കൂൾ അധികൃതർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങി നിരവധി പേർ ചങ്ങലയിൽ പങ്കുചേർന്നു.

Read Also : മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ

ലഹരിക്കെതിരെ കുരുവട്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പറമ്പിൽ കടവ് നിന്നും തുടങ്ങി പയിമ്പ്ര വരെ എട്ട് കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങല തീർത്തു. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കുടുംബശ്രീ, വ്യാപാരി വ്യവസായികൾ, ജനപ്രതിനിധികൾ തുടങ്ങി അനേകം പേർ ചങ്ങലയിൽ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് എ. സരിത, വൈസ് പ്രസിഡന്റ് ടി. ശശിധരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സിന്ധു പ്രദോഷ്, യു. പി സോമനാഥൻ, എം.കെ ലിനി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പെരുമണ്ണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൂർമഠം മുതൽ കോട്ടായിതാഴം വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. ചങ്ങല പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഉഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, പഞ്ചായത്ത് അംഗം വി.പി കബീർ, മറ്റു ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also : ആളില്ലാത്ത നേരത്ത് സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നു ; പരാതിയുമായി ഭാര്യ സീന

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂൾ സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ അബ്ദുൾ ഗഫൂർ, റംല ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം എന്നിവർ ഐക്യദാർഢ്യ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ഒ സുബീഷ്‌ അധ്യക്ഷത. വഹിച്ചു. പ്രഥമാധ്യാപകൻ കെ.വാസു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി രാക്ഷസന്റെ ഭീമൻ കോലത്തിന് നഗരസഭ ചെയർമാൻ തീക്കൊളുത്തി.

ലഹരിക്കെതിരെ വേളം ഗ്രാമ പഞ്ചായത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ തീക്കുനി മുതൽ കേളോത്ത് മുക്ക് വരെയാണ് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തത്. തീക്കുനിയിൽ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ആദ്യകണ്ണിയായി.
പഞ്ചായത്ത്‌ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചങ്ങലയിൽ പങ്കെടുത്തു.

Read Also : ഇടുക്കിയിൽ ഭാര്യയെ വീഡിയോ കോളില്‍ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി മുക്കാളി ടൗണിൽ സമാപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ,ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, ഉദയ കളരി സംഘം കുട്ടികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Read Also : മയക്കുമരുന്ന് കേസ്; യുവാവിന് കഠിനതടവും പിഴയും

‘നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം’ എന്ന മുദ്രാവാക്യത്തോടെയാണ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. ആയിരങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. കൂനം വെളിക്കാവു മുതൽ കുയിമ്പിവുന്ത് വരെ നീണ്ട മനുഷ്യച്ചങ്ങലയിൽ ജനപ്രതിനിധികൾ, മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ, വി.ഇ.എം.യു.പി സ്കൂൾ, മഞ്ഞക്കുളം എൽ.പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കാളികളായി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്തം ഗം സി.എം. ബാബു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, മേപ്പയ്യൂർ സി.ഐ. കെ.ഉണ്ണികൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ വിനീഷ് ആരാധ്യ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി.രമ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു.

Read Also : കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കുടുക്കിയതാണെന്നും പ്രതി സന്തോഷ്

ലഹരിക്കെതിരെ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുറ്റ്യാടി ടൗണിൽ സംഗമിക്കുന്ന കോഴിക്കോട് റോഡ്, നാദാപുരം റോഡ്, മരുതോങ്കര റോഡ്, എന്നിവിടങ്ങളിലാണ് ചങ്ങല തീർത്തത്. പഞ്ചായത്ത്‌ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു.

Read  Also : കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കുടുക്കിയതാണെന്നും പ്രതി സന്തോഷ്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. കോളേജിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങല ബ്ലോക്ക് പഞ്ചായത്തു ഓഫീസിൽ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു പ്രതിജ്ജ ചൊല്ലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ആർ ഷീത്തോർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ആന്റി നാർക്കോട്ടിക് സെൽ കോ – ഓർഡിനേറ്റർ സി.രജീഷ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിച്ചു. പരിപാടിയിൽ ബോധ പൂർണിമയുമായി ബന്ധപ്പെട്ട മൽസര വിജയികൾക്കുളള സമ്മാനങ്ങളും വിതരണം ചെയ്തു.

Read Also : ഡ്രൈ ഡേകളില്‍ മദ്യവില്‍പന; സ്ത്രീ എക്‌സൈസ് പിടിയിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!