അർജന്റീനയുടെ കളിയുള്ളതിനാൽ എന്റെ മകന് ലീവ് അനുവദിച്ചുകൊടുക്കണം’; വൈറലായി ലീവ് ലെറ്റർ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ലീവ് ലെറ്റര്‍ വൈറലായിരുന്നു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛന്‍ എഴുതിയതായിരുന്നു ആ ലീവ് ലെറ്റര്‍. ഖത്തര്‍ ലോകകപ്പില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് നടക്കുന്ന അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാന്‍ മകന് ലീവ് അനുവദിച്ചു നല്‍കണമെന്നായിരുന്നു ലീവ് ലെറ്ററില്‍ എഴുതിയിരുന്നത്. നിമിഷനേരത്തിനുള്ളില്‍ ഇത് വൈറലായി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ സുനില്‍ കുമാറും അഞ്ചാം ക്ലാസുകാരനായ പാര്‍ത്ഥിവുമാണ് ഈ കഥയിലെ അച്ഛനും മകനും.

Read also: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

‘ കളിയുണ്ടെന്നും സ്‌കൂളില്‍ പോകില്ലെന്നും അവന്‍ ഒരാഴ്ച്ച മുമ്പ് എന്നോട് പറയുന്നുണ്ട്. ഞാന്‍ ടീച്ചറോട് പറയാന്‍ പറഞ്ഞു. അച്ഛന്റെ സമ്മതപത്രം ഉണ്ടെങ്കില് ലീവ് തരാം എന്നാണ് ടീച്ചര്‍ അവനോട് പറഞ്ഞത്. അത് അവന്‍ എന്നോട് വന്ന് പറഞ്ഞു. ഞാന്‍ കാര്യമാക്കിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച വന്ന് പറഞ്ഞ് ലീവ് ലെറ്റര്‍ വേണം എന്ന്. ഒരു മണി ആകുമ്പോ കൂട്ടാന്‍ വരാമെന്നും എന്തെങ്കിലും പരിപാടി ഉണ്ടെന്ന് കള്ളം പറയാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ അവന്‍ അത് സമ്മതിച്ചില്ല. അര്‍ജന്റീനയുടെ കളി ഉള്ളതുകൊണ്ട് ലീവ് വേണം എന്നുതന്നെ എഴുതാന്‍ പറഞ്ഞു. ഇന്നലെ രാവിലെ പേനയും പേപ്പറുമായി വന്നു. അങ്ങനെയാണ് അത് എഴുതിയതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
കടുത്ത അര്‍ജന്റീന ആരാധകനാണ് പാര്‍ത്ഥിവ്. കഴിഞ്ഞ ലോകകപ്പ് മുതലാണ് ഈ ആവേശം തുടങ്ങിയത്. അര്‍ജന്റീനയുടെ ചെറിയ പതാകകളും നീലയും വെള്ളയും നിറത്തിലുള്ള തോരണങ്ങളുംകൊണ്ട് മകന്‍ വീട് അലങ്കരിച്ചുവെച്ചിട്ടുണ്ടെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read also: കാമുകി മരിച്ചു; മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് കാമുകൻ; വീഡിയോ കാണാം
