ഹൃദയാഘാതം മൂലം ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു; വിടവാങ്ങിയത് തെയ്യം കലാകാരന്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊയിലാണ്ടി പാണന്റെ വീട്ടില്‍ (പൂക്കാട്) മുരളീധരന്‍ ചേമഞ്ചേരിയാണ് (48) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടര്‍ന്ന് പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


37 വർഷമായി തെയ്യം, കെട്ടിയാട്ടം, സംഗീതം തുടങ്ങി കലാരംഗത്ത് സജീവമായിരുന്നു
മുരളീധരന്‍ ചേമഞ്ചേരി. 2010ൽ എല്ലാ സംഗീതോപകരണങ്ങളുടെയും നാടൻ പാട്ടുകളുടെയും തെയ്യത്തിന്റെയും സമന്വയം അദ്ദേഹം ഏകോപിപ്പിച്ച് അവതരിപ്പിച്ചിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം അംഗവും ചേമഞ്ചേരിയിലെ നന്മ യൂണിറ്റ് സെക്രട്ടറിയുമാണ്. മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ കലാപ്രതിഭ പുരസ്കാരം, ബോംബെ ഓൾ മലയാളി കലാപ്രതിഭ പുരസ്കാരം, റോട്ടറി രാമായണ പാരായണ കലാരത്നം 2017-2018 തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
