Naattuvaartha

News Portal Breaking News kerala, kozhikkode,

അഞ്ചാംപനി; നാദാപുരത്ത് കനത്ത ജാഗ്രത

നാദാപുരം: കഴിഞ്ഞദിവസം കുട്ടികളില്‍ അഞ്ചാംപനി വ്യാപിച്ചതിനെ തുടര്‍ന്ന് നാദാപുരം പഞ്ചായത്തില്‍ കടുത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. 6,7,19 വാര്‍ഡുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറ്, ഏഴുവാര്‍ഡുകളില്‍ നാലുവീതവും 19ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച്, ആറ്, എട്ട് വയസുള്ള കുട്ടികളാണ് രോഗബാധിതരായത്. പനി, ജലദോഷം, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാദാപുരം ഗ്രാമപഞ്ചായത്തില്‍ 340 കുട്ടികള്‍ നാളിതുവരെ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടില്ല.

Read also: ബേപ്പൂരില്‍ അനധികൃത വിദേശ മദ്യവില്‍പന; ഒരാള്‍ പിടിയില്‍

രോഗസ്ഥിരീകരണം പുറത്തുവന്നതോടെ ആരോഗ്യ വകുപ്പ്കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ, ബോധവത്കരണം എന്നിവ ആരംഭിച്ചു. പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ടി. മോഹന്‍ദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ഇന്നലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

Read also:നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

ഇതിനകം വാര്‍ഡുകളും ടൗണും കേന്ദ്രീകരിച്ച് മൈക്ക് പ്രചാരണം, നോട്ടീസ് വിതരണം എന്നിവ തുടങ്ങിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ വാര്‍ഡ് കേന്ദ്രീകരിച്ചുള്ള സുരക്ഷ മുന്‍കരുതലുകള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. രോഗം ബാധിച്ചവരുമായി ബന്ധമുള്ളവര്‍ ഇതര ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതായി വിവരം ലഭിച്ചതിനാല്‍ ഇവിടങ്ങളില്‍ കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗാവസ്ഥ കൂടിയാല്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് തുറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. നാദാപുരം താലൂക്ക് ആശുപ്രതിയില്‍ നടന്ന യോഗത്തില്‍ ലോക ആരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ. സന്തോഷ് രാജഗോപാല്‍ നിര്‍ദേശങ്ങള്‍ നല്‍കി. കൂടാതെ അസുഖ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!