കസ്തൂരിയുമായി രണ്ട് പേര്‍ താമരശ്ശേരിയില്‍ വനം വകുപ്പിന്റെ പിടിയിലായി


താമരശ്ശേരി: കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേര്‍ താമരശ്ശേരിയില്‍ വനം വകുപ്പിന്റെ പിടിയിലായി. വയനാട് കണിയാമ്പറ്റ മില്ല് മുക്ക് ചേലിയത്ത് മുഹമ്മദ്, കോട്ടയം വട്ടുകുളം കളകുത്തിയേല്‍ സി കെ പ്രസാദ് എന്നിവരാണ് പിടിയിലായത്. 186 ഗ്രാം കസ്തൂരിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു ഐ എഫ് എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ഫ്‌ളയിയിംഗ് സ്‌ക്വാഡ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. കാസര്‍കോട് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനാണ് കസ്തൂരി താമരശ്ശേരിയില്‍ എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. രണ്ട് കോടിക്ക് ബംഗളൂരുവില്‍ നിന്ന് വാങ്ങിയ കസ്തൂരി നാല് കോടിക്ക് വില്‍പ്പന നടത്താനായിരുന്നു നീക്കം. കസ്തൂരി വാങ്ങാനെത്തിയവര്‍ താമരശ്ശേരി ബസ്റ്റാന്റില്‍ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു.

Read also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചു; വർധന 4 മാസത്തേക്ക്; യുണിറ്റിന് 9 പൈസ കൂടി

ഹിമാലയന്‍ സാനുക്കളിലാണ് കസ്തൂരി മാനുകളെ കണ്ട് വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കസ്തൂരിക്ക് കോടികളുടെ മോഹ വില ലഭിക്കുമെന്നാണ് പ്രചരിക്കപ്പെടുന്നത്. വിലപിടിപ്പുള്ള സുഗന്ധ ദ്രവ്യമായും ഔഷധമായും കസ്തൂരി ഉപയോഗിക്കുന്നുണ്ട്. പ്രതികളെയും കസ്തൂരിയും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറി. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം പി സജീവ്കുമാര്‍, കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി രതീശന്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ ഡി ഹരിദാസ്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, ഹരി, ശ്രീധരന്‍, ആന്‍സി രഹ്ന, ആസിഫ്, അസ് ലം, ഡ്രൈവര്‍മരായ വത്സരാജന്‍, ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് കസ്തൂരി പിടികൂടിയത്. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

