കൊടുവള്ളി ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ്പിടിയില്‍


കൊടുവള്ളി: കൊടുവള്ളി ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. നരിക്കുനി പാറന്നൂര്‍ പുല്‍പറമ്പില്‍ പുറായില്‍ റാസി യൂനസാണ്(24) കൊടുവള്ളി പോലീസിന്റെ പിടിയിലായത്. കനാറാബാങ്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് അപഹരിച്ചത്. ഈ മാസം പതിനൊന്നിനായിരുന്നു സംഭവം. കനാറ ബാങ്കിന് സമീപം രാവിലെ സ്‌കൂട്ടര്‍ നിര്‍ത്തി ജോലിക്ക് പോയ ഉടമ വൈകിട്ട് മടങ്ങിയെത്തിയപ്പോള്‍ സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നു.

സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമകളില്‍ പതിഞ്ഞിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

എസ് ഐ അനൂപ് അരീക്കര, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍ എം ജയരാജന്‍, അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Read Also ഡേറ്റിംഗ് ആപ്പില്‍ നിന്ന് പരിചയപ്പെട്ടവരില്‍ നിന്ന് 1.8 മില്ല്യണ്‍ രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

