Naattuvaartha

News Portal Breaking News kerala, kozhikkode,

ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു

കുന്നമംഗലം: നിയോജക മണ്ഡലത്തിലെ ഒന്‍പത് ലൈബ്രറികള്‍ക്ക് പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍.എ നിര്‍വ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ലൈബ്രറികളുടെ ഭാരവാഹികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

 

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്നമംഗലം നിയോജക മണ്ഡലത്തിലെ 9 വായനശാലകള്‍ക്കായി പദ്ധതിയുടെ ഭാഗമായി 2,18,938 രൂപയുടെ പുസ്തകങ്ങളാണ് നല്‍കിയത്. ഇ.എം.എസ് വായനശാല ഒടുമ്പ്ര, ഉദയ വായനശാല എംജി നഗര്‍ ഇരിങ്ങല്ലൂര്‍, യുവജന വായനശാല കൊടല്‍ നടക്കാവ്, പിജി ഗ്രന്ഥാലയം കേളുവേട്ടന്‍ സ്മാരക മന്ദിരം, ആത്മബോധോദയം വായനശാല മണക്കടവ്, സാമിയേട്ടന്‍ പൊതുജന വായനശാല കുരിക്കത്തൂര്‍, കെ. പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല ചെറുകുളത്തൂര്‍, ഉപാസന വായനശാല കൂഴക്കോട്, ചാത്തമംഗലം പൊതുജന വായനശാല എന്നിവക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവന്‍ അധ്യക്ഷത വഹിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍, ലൈബ്രറി കൗണ്‍സില്‍ കോഴിക്കോട് താലൂക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജ പൂളക്കമണ്ണില്‍, പ്രീതി വാലത്തില്‍ എന്നിവര്‍ സംസാരിച്ചു. പി ശ്രീകുമാര്‍ സ്വാഗതവും ഇ വേലായുധന്‍ നന്ദിയും പറഞ്ഞു.

Read Also: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഹര്‍ഷിന


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!