NAATTUVAARTHA

NEWS PORTAL

പെണ്‍സുഹൃത്തിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് ഹോട്ടലിലെത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഭുവനേശ്വര്‍: പെണ്‍സുഹൃത്തിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് ഹോട്ടലിലെത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷയിലെ നിയാലി സ്വദേശിയും കോണ്‍ട്രാക്ടറുമായ ദുര്‍ഗ പ്രസാദ് മിശ്ര(28)യെയാണ് ഭുവനേശ്വര്‍ ഖണ്ഡഗിരിയിലെ ഒയോ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

അതേസമയം യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ച് സുഹൃത്തുക്കള്‍ മകനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. സംഭവം കൊലപാതകമാണെന്ന പരാതി ഉയര്‍ന്നതോടെ പോലീസും വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ദുര്‍ഗപ്രസാദും പെണ്‍സുഹൃത്തും കമിതാക്കളായ മറ്റു 2 സുഹൃത്തുക്കളും ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. രണ്ടുമുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് മുന്‍പ് തന്നെ യുവാവും പെണ്‍സുഹൃത്തും തമ്മില്‍ വഴക്കുണ്ടായെന്നാണ് വിവരം.

പെണ്‍കുട്ടി ശൗചാലയത്തില്‍ പോയിരുന്ന സമയത്താണ് ദുര്‍ഗപ്രസാദ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതെന്നും പോലീസ് പറയുന്നു. പുലര്‍ച്ചെ 1.30 ഓടെയാണ് യുവാവിനെ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍സുഹൃത്തിന്റെ വസ്ത്രം ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങിയതെന്നാണ് പോലീസ് പറഞ്ഞത്. ഉടന്‍തന്നെ പെണ്‍കുട്ടി തൊട്ടടുത്തമുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ആംബുലന്‍സ് വിളിച്ച് പുലര്‍ച്ചെ മൂന്നുമണിയോടെ യുവാവിനെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പെണ്‍സുഹൃത്ത് ഉള്‍പ്പെടെയുള്ള മൂന്നുപേരുടെയും മൊഴി രേഖപ്പെടുത്തുകയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തു. ഇടയ്ക്കിടെ യുവാവ് മുറിക്കുള്ളില്‍ നിന്ന് പുറത്തുവരുന്നതും അകത്തേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും വ്യത്യസ്തമായരീതിയിലാണ് ദൃശ്യങ്ങളില്‍ യുവാവിന്റെ പെരുമാറ്റമെന്നുമാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് സൂചനയെന്നും അതേസമയം കൊലപാതകമാണെന്ന പരാതിയുള്ളതിനാല്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read Also: സ്ത്രീകളെ ആക്രമിച്ച കേസ്; പിടികിട്ടാപ്പുള്ളി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!