NAATTUVAARTHA

NEWS PORTAL

യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ കസ്റ്റഡിയില്‍

ഡല്‍ഹി: പാര്‍ലമെന്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ജന്തര്‍മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നത് പോലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തിയത്.

കസ്റ്റഡിയിലെടുത്തവരില്‍ വനിതാ പ്രവര്‍ത്തകരുമുണ്ട്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഫാന്‍സി നോട്ടുകള്‍ അടങ്ങിയ പെട്ടികള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വെള്ളിയാഴ്ച്ച കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിയുകയും ചെയ്തു.

ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. സഭയിലെ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. അദാനി വിഷയം അന്വേഷിക്കാനായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം തുടരുകയാണ് രാഹുല്‍ ഗാന്ധി.

Read Also: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!