മരണം പതിനാറ്, പരപ്പനങ്ങാടി ബോട്ട് അപകടത്തില്‍ കൂടുതല്‍ മരണം സ്ഥിരീകരിച്ചു, കൂടുതല്‍ പേര്‍ മുങ്ങിപ്പോയതായി സംശയം


താനൂര്‍: പരപ്പനങ്ങാടിക്ക് സമീപം ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് മറിഞ്ഞ് പതിനാറ് പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. ഏതാനും സ്ത്രീകളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. 25 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ നാല്‍പ്പതോളം ആളുകളെ കയറ്റിയെന്നാണ് വിവരം.

ഏതാനും പേരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ രക്ഷപ്പെടുത്താനായത്. വെളിച്ചം ഇല്ലാതിരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി. പിന്നീട് വെളിച്ചം എത്തിച്ച് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലികളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. കരക്കെത്തിച്ച ബോട്ടില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.


