കോങ്ങാട് എംഎല്‍എ ഡോക്ടര്‍മാരെ അധിക്ഷേപിച്ചെന്ന് പരാതി


പാലക്കാട്: കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭര്‍ത്താവിന് പനിക്ക് ചികിത്സ തേടി എത്തിയപ്പോള്‍ എംഎല്‍എ അധിക്ഷേപിച്ചു എന്നാണ് പരാതി. പനിക്ക് ചികിത്സ തേടിയെത്തിയ ഭര്‍ത്താവിനെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നീട് എന്തുകൊണ്ടാണ് തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതെന്ന് ചോദിച്ച് എംഎല്‍എ ക്ഷുഭിതയായെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ ആരോപണം.

Read also: ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത്; മൂന്ന് പേര്‍ പിടിയില്‍

എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി കെ ശാന്തകുമാരി എംഎല്‍എ രംഗത്തെത്തി. ഡോക്ടര്‍മാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് പറഞ്ഞത്. മര്യാദയ്ക്ക് പെരുമാറണമെന്ന് പറഞ്ഞു. സംഭവത്തില്‍ ഇന്നലെ തന്നെ ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ പ്രതികരിച്ചു.

