രണ്ട് കിലോ സ്വര്‍ണ്ണ മിശ്രിതവുമായി എളേറ്റില്‍ വട്ടോളി സ്വദേശികളായ ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


കരിപ്പൂര്‍: രണ്ട് കിലോ സ്വര്‍ണ്ണ മിശ്രിതവുമായി ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കൊടുവള്ളി കിഴക്കോത്ത് എളേറ്റില്‍ വട്ടോളി പുളിക്കിപൊയില്‍ ഷറഫുദ്ധീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരാണ് പിടിയിലായത്. നാലു ക്യാപ്‌സൂളുകളായി ഷറഫുദ്ധീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച 950 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ഷമീനയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

ചൊവ്വാഴ്ച രാത്രി ദുബായില്‍നിന്നും സ്പൈസ്‌ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരില്‍ എത്തിയത്. ഇവര്‍ കടത്തുകാര്‍ മാത്രമാണെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംഘം ഇരുവര്‍ക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. കുട്ടികള്‍ക്കൊപ്പം ദുബായില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴാണ് സ്വര്‍ണ്ണം കടത്തിയത്. ഷമീനയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തത്. തുടര്‍ന്നാണ് ഷറഫുദ്ധിനെ ചോദ്യം ചെയ്തത്.

Read Also ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

