കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം മൂന്നായി; അക്രമം കൊല്ലത്തും കോട്ടയത്തും


രണ്ടിടങ്ങളിലായുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലി കണമലയില്‍ ശബരിമല പാതയില്‍ രണ്ടുപേരും കൊല്ലം ആയൂരില്‍ ഒരാളുമാണ് മരിച്ചത്. എരുമേലിയില്‍ കണമലയില്‍ പുറത്തേല്‍ ചാക്കോ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം ആയൂര്‍ പെരിങ്ങള്ളൂരില്‍ കൊടിഞ്ഞാല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്.
കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് കാട്ടുപോത്ത് ഓടിയെത്തി ആക്രമിച്ചത്. തോമാച്ചന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് ഓടിപ്പോയി.

പ്രവാസിയായ സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. സാമുവലിനെ പിന്നില്‍ നിന്നാണ് കാട്ടുപോത്ത് കുത്തിയത്. ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധമാണ് നടക്കുന്നത്.

