മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ പഞ്ചായത്ത് കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


പുളിക്കല്‍: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കല്‍ പഞ്ചായത്ത് ഓഫീസും കുടുംബശ്രീ ചായക്കടയും ചേരുന്ന കെട്ടിടത്തിനിടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. പഞ്ചായത്തില്‍ റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ ദേഹത്ത് തൂക്കിയിട്ടാണ് പഞ്ചായത്ത് കെട്ടിടത്തിലെത്തി തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് കാരണം പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റാണെന്ന് കാണിച്ച് നിരവധി പരാതികള്‍ നല്‍കിയുരന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുന്‍മ്പ് മരിച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് കാരണമെന്നാണ് ആരോപണം. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിനെതിരെ സി പി എം സഹയാത്രികനായ റസാഖ് പലപ്പോഴായി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് മറുപടിയായി പഞ്ചായത്തും മാധ്യമങ്ങളെ കണ്ടിരുന്നു. റസാഖും ഭാര്യ ഷീബയും സ്വന്തം വീടും സ്ഥലവും ഇ എം എസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് ഇഷ്ടദാനം നല്‍കിയിരുന്നു. ഇവര്‍ക്കു മക്കളില്ല. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.


