കൊന്ന ശേഷം വെട്ടി നുറുക്കി പെട്ടിയിലാക്കി, കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തിയത് മുന്‍ തൊഴിലാളിയും കാമുകിയും ചേര്‍ന്ന്


കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തിയിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി സിദ്ദീഖിനെ കൊലപ്പെടുത്തിയത് മുന്‍ തൊഴിലാളിയും കാമുകിയും ചേര്‍ന്ന്. സിദ്ദീഖിന്റെ ഹോട്ടലില്‍ രണ്ടാഴ്ച ജോലിചെയ്തിരുന്ന ഷിബിലി(22), ഇയാളുടെ കാമുകി ഫര്‍ഹാന(18) എന്നിവരും മറ്റൊരാളും പോലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ 18 മുതല്‍ സിദ്ദീഖിനെ കാണാനില്ലായിരുന്നു. എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗില്‍ നറച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി. ചെന്നൈയിലേക്ക് മുങ്ങിയ പ്രതികളെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസിന് കൈമാറി. കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടി ഒമ്പതാം വളവിലാണ് സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ട്രോളി ബാഗുകളിലായാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചത്തെ പഴക്കമുണ്ട്. കൊലപാതകം നടന്നത് ഈ മാസം 18 നും 19 നും ഇടയിലാണെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് കാരണം ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത് മാത്രമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സ്വഭാവ ദുശ്യത്തിനാണ് ഷിബിലെയെ പിരിച്ചു വിട്ടത്. കൊല്ലപ്പെട്ട ശേഷം സിദ്ദീഖിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കലാണോ കൊലക്ക് പിന്നിലെന്ന് സംശയമുണ്ട്.


