മതപഠനകേന്ദ്രത്തില്‍ 17 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍.

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബീമാപ്പള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാന്‍(20) ആണ് അറസ്റ്റിലായത്. ഈ മാസം പതിമൂന്നിനാണ് ബീമാപ്പള്ളി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മതപഠന കേന്ദ്രത്തില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനെ പൂന്തുറ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പീഡനം നടന്നത് ഒരു വര്‍ഷം മുമ്പ് മതപഠനകേന്ദ്രത്തിന് പുറത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യയുടെ കാരണം സ്ഥാപനത്തില്‍ നിന്നുള്ള മാനസിക പീഡനമാണെന്നുള്‍പ്പെടെ മാതാവും ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ഹാഷിം ഖാനുമായി പെണ്‍കുട്ടിക്കുള്ള ബന്ധം ഒഴിവാക്കാനാണ് മതപഠന കേന്ദ്രത്തില്‍ ചേര്‍ത്തതെന്നും ഇക്കാര്യം ബന്ധുക്കള്‍ മറച്ചുവെച്ചുവെന്നുമാണ് ഇപ്പോള്‍ വ്യക്തമായത്.
