മരണസംഖ്യ 280 കടന്നു, പരിക്കേറ്റത് ആയിരത്തിലേറെ പേര്‍ക്ക്. ഒഡിഷ ദുരന്തത്തില്‍ മലയാളികള്‍ക്കും പരിക്ക്

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 കടന്നു. പരിക്കേറ്റത് ആയിരത്തിലേറെ പേര്‍ക്കെന്നും സ്ഥിരീകരണം. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് 2 ട്രെയിന്‍ അപകടങ്ങളുണ്ടാവുന്നത്. ബലാസൂറിലെ ബഹ്‌നാദിലാണ് സംഭവം. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചു.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി. രക്ഷാ പ്രവര്‍ത്തനത്തിനിടെ പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറി. ഇതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്ത്യ കണ്ട വലിയ ദുരന്തത്തിന്റെ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയില്‍ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്രമായി മറ്റൊരു അന്വേഷണവും നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 48 ട്രെയിനുകളാണ് റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. 12837 ഹൗറ പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍ എന്നിവ റദ്ദാക്കി.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്‌നാട് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
