പ്രക്ഷോഭത്തിനൊരുങ്ങി ‘ഇന്ത്യ’ ; മോദി സർക്കാരിനെതിരെ ഇന്ത്യയുടെ ആദ്യ റാലി ഭോപ്പാലിൽ

‘ഇന്ത്യ’ കൂട്ടായ്‌മയുടെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ ആദ്യ വാരം ഭോപ്പാലിൽ നടക്കും. രാജ്യത്തിന്റെ മറ്റ് ഭാഗത്തും പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കും. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോദി സർക്കാരിന്റെ അഴിമതി എന്നിവ പൊതുസമ്മേളനത്തിൽ ഉയർത്തും. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ ആദ്യ ഏകോപനസമിതി യോഗത്തിന്റെതാണ് തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യം സാധ്യമായ സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കുവയ്ക്കൽ പ്രക്രിയക്ക് തുടക്കമിടാനും എൻസിപി പ്രസിഡന്റ് ശരദ് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ദേശീയതലത്തില്‍ ജാതി സെൻസസ് അജൻഡയായി പ്രതിപക്ഷസഖ്യം ഉയർത്തും. ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന നീക്കമാണിത്. ഒബിസി കണക്കെടുപ്പ് 1931 നുശേഷം രാജ്യത്ത് നടന്നിട്ടില്ല.

പൂർണമായും മോദി സർക്കാരിനെ അനുകൂലിക്കുന്ന വാർത്താവതാരകരുടെ ചർച്ചകൾ ബഹിഷ്‌ക്കരിക്കാനും യോഗത്തിൽ ധാരണയായി. യോഗത്തിൽ ഹേമന്ദ് സൊറൻ (ജെഎംഎം), തേജസ്വി യാദവ് (ആർജെഡി), ടി ആർ ബാലു (ഡിഎംകെ), ഡി രാജ (സിപിഐ), കെ സി വേണുഗോപാൽ (കോൺഗ്രസ്), ഒമർ അബ്‌ദുള്ള (എൻസി), മെഹ്‌ബൂബ മുഫ്‌തി (പിഡിപി), രാഘവ് ചദ്ദ (എഎപി), സഞ്‌ജയ് റൗത്ത് (ശിവസേന), സഞ്‌ജയ് ഝാ (ജെഡിയു), ജാവേദ് അലി (എസ്‌പി) എന്നിവർ പങ്കെടുത്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനാൽ തൃണമൂലിന്റെ അഭിഷേക് ബാനർജിക്ക് യോഗത്തിനെത്താനായില്ല.
Read Also : ഒറ്റപ്പാലത്ത് ട്രെയിനിന് നേരെ കല്ലേറ്
